ഹോങ്കോങ്ങിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 13 മരണം

ഹോങ്കോങ്: ഹോങ്കോങ്ങിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. അപകടത്തിൽ 13 മരണം. പതിനഞ്ച് പേർക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒമ്പത് പേർ അപകട സ്ഥലത്ത് വച്ചും നാല് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
തായ് പോ ജില്ലയിലെ ഭവന സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമ്മാണ സാമഗ്രഹികളിലേക്കും തീ പടർന്നു. ഇതോടെ തീജ്വാലകളും കട്ടിയുള്ള പുകയും ഉയർന്നു. എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. ആകെ ഏകദേശം 4,800 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 700 പേരെ താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സംഭവസ്ഥലത്തു നിന്നുള്ള നിരവധി വീഡിയോകൾ പ്രചരിച്ചു. വിവധ കെട്ടിടങ്ങളിലേക്ക് തീ പടരുന്നതും അപ്പാർട്ടുമെന്റുകളുടെയും ജനാലകളിൽ നിന്ന് തീജ്വാലകളും പുകയും ഉയരുന്നതും കാണാം. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും കാണാം. ഉച്ചകഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. അധികൃതർ ലെവൽ 5 അലാറം മുഴക്കി. രാത്രി വൈകിയും തീ ആളിപ്പടരുന്നതായി അധികൃതർ അറിയിച്ചു.









0 comments