ലോകകപ്പ് ഫുട്ബോൾ: അമേരിക്കൻ പ്രതിനിധിയുടെ നിർദ്ദേശം തള്ളി ഇറ്റലി

ഡൊണാൾഡ് ട്രംമ്പ്
റോം/വാഷിങ്ടൺ : ലോകകപ്പ് ഫുട്‌ബോളിൽ ഇറാന് പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന അമേരിക്കൻ പ്രതിനിധിയുടെ നിർദ്ദേശം തള്ളി ഇറ്റാലിയൻ കായിക ഉദ്യോഗസ്ഥർ. ഇറാൻ പിന്മാറാത്ത സാഹചര്യത്തിൽ ഇത്തരമൊരു നീക്കം അസാധ്യമാണെന്നും കളിക്കളത്തിലെ പ്രകടനം കൊണ്ടാണ് ലോകകപ്പിന് യോഗ്യത നേടേണ്ടതെന്നും ഇറ്റലി വ്യക്തമാക്കി.
യുഎസ് പ്രത്യേക പ്രതിനിധി പൗലോ സാംപോളിയാണ് ഇറാന് പകരം ഇറ്റലിയെ ഉൾപ്പെടുത്തുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെയും ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് ഇറ്റാലിയൻ കായിക മന്ത്രി ആൻഡ്രിയ അബോദി പ്രതികരിച്ചത്. ഇത് സാധ്യമായ കാര്യമല്ലെന്നും നല്ലൊരു ആശയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിലേക്ക് പോകാൻ അത് അർഹതപ്പെട്ടതാകണമെന്നും ഇത്തരമൊരു നിർദ്ദേശത്തിൽ തനിക്ക് അപമാനം തോന്നുന്നുവെന്നുമാണ് ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബ്യൂൺഫിഗ്ലിയോ പ്രതികരിച്ചു. ഇറ്റാലിയൻ ധനമന്ത്രി ജിയാൻകാർലോ ജോർജെറ്റിയും നിർദ്ദേശത്തെ വിമർശിച്ചു.
അതേസമയം, ഇറാൻ താരങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പ്രതികരിച്ചു. താരങ്ങളെ തടയാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ അവർക്കൊപ്പം എത്തുന്ന മറ്റുള്ളവരുടെ കാര്യത്തിൽ കർശന പരിശോധന ഉണ്ടാകുമെന്നും വ്യക്തമാക്കി. മാധ്യമപ്രവർത്തകർ എന്ന വ്യാജേന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവർ എത്താൻ സാധ്യതയുണ്ടെന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ലോകകപ്പിന് യോഗ്യത നേടിയ ഇറാൻ ടൂർണമെന്റിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ജൂണിൽ ലോസ് ഏഞ്ചൽസിലും സീറ്റിലിലുമായി നിശ്ചയിച്ച മത്സരങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് ഫിഫയും അറിയിച്ചു. നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇറാൻ പിന്മാറുകയാണെങ്കിൽ പകരം വരേണ്ടത് ഏഷ്യൻ മേഖലയിൽ നിന്നുള്ള യുഎഇ ആണ്. എന്നാൽ നിയമങ്ങളിലെ അവ്യക്തത മുതലെടുത്താണ് നാല് തവണ ചാമ്പ്യന്മാരായ ഇറ്റലിയെ ഉൾപ്പെടുത്താൻ സാംപോളി ശ്രമിച്ചത്. ഫുട്ബോൾ ജനങ്ങളുടേതാണെന്നും രാഷ്ട്രീയക്കാരുടേതല്ലെന്നും റോമിലെ ഇറാൻ എംബസി പ്രതികരിച്ചു.









0 comments