വിമാനത്തിനുള്ളില്‍ കുടുംബാംഗങ്ങളുടെ തമ്മില്‍ത്തല്ല് ; ഒടുവില്‍ ഗത്യന്തരമില്ലാതെ എമർജൻസി ലാൻഡിങ്

ലിവർപൂൾ : കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം വിമാനത്തിനുള്ളിൽ വരെയായതോടെ അധികൃതർക്ക് എമർജൻസി ലാൻഡിങ് അല്ലാതെ മറ്റൊരു വഴിയില്ലാതായി. യുകെയിലെ ലിവർപൂളിലേക്ക് പോയ വിമാനമാണ് യാത്രക്കാർ തമ്മിലുണ്ടായ തമ്മിലടി കാരണം കാനറി ദ്വീപിലേക്ക് തിരിച്ചിറക്കിയത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളിൽ, ഏകദേശം 3000 അടി ഉയരത്തിൽ വെച്ച് ബ്രിട്ടീഷ് യാത്രക്കാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാവുകയായിരുന്നുവെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലിലേക്ക് മാറിയതോടെയാണ് ഗത്യന്തരമില്ലാതെ വിമാനം ലാൻഡ് ചെയ്തത്. 186 യാത്രക്കാരുമായി പോയ ഈസി ജെറ്റ് വിമാനമാണ് സാങ്കേതിക പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്തോളം വരുന്ന സംഘമാണ് സംഘർഷത്തിന് തുടക്കമിട്ടത്. വാക്കേറ്റം തമ്മിൽത്തല്ലിലേക്ക് നീങ്ങിയതോടെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് പൈലറ്റ്
പൈലറ്റ് വിമാനം തിരിച്ച് കാനറി ദ്വീപുകളിലെ ടെനറീഫ് സൗത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിനുള്ളിൽ ചില യാത്രക്കാർ മോശമായി പെരുമാറിയതാണ് തിരിച്ചിറങ്ങാൻ കാരണമായതെന്ന് ഈസിജെറ്റ് അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ രണ്ട് കുടുംബാംഗങ്ങൾ തമ്മിൽ എയർപോർട്ട് ടെർമിനലിൽ വെച്ച് വഴക്കുണ്ടാവുകയും പിന്നീട് അത് വിമാനത്തിനുള്ളിൽ തുടരുകയുമായിരുന്നു. പ്രശ്നമുണ്ടാക്കിയവരെ പുറത്താക്കിയ ശേഷം വിമാനം ലിവർപൂളിലേക്ക് യാത്ര തിരിച്ചുവെന്നാണ് റിപ്പോർട്ട്.









0 comments