അടിച്ചാല്‍ തിരിച്ചടിക്കും ; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ

ലണ്ടന്‍ : യൂറോപ്യന്‍ രാജ്യങ്ങൾക്കുനേരെ പകരച്ചുങ്കം ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതിരുകയാണെങ്കില്‍ തിരിച്ചടിക്കാൻ ശക്തമായ പദ്ധതിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ. തീരുവ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെങ്കിലും അതിന് നിർബന്ധിതരായാൽ ശക്തമായി പ്രതികരിക്കും. കൃത്യമായ പദ്ധതി തയ്യാറാണ്. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികൂടിയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കും കാര്യമായ കയറ്റുമതിയുണ്ട്. തീരുവ മുൻനിർത്തിയുള്ള ഏറ്റുമുട്ടൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ഇയു ഉന്നത നേതാവ് സിഎന്‍എന്നിനോട് പറഞ്ഞു.
ഇന്ത്യക്ക് തിരിച്ചടി
ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ കയറ്റുമതിയിൽ കനത്ത ആഘാതം സൃഷ്‌ടിച്ചേക്കും. അമേരിക്കയുടെ കാര്‍ഷിക ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നത് കണക്കിലെടുത്ത് ‘അന്യായ തീരുവ’ ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ–-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചര്‍ച്ചനടന്നെങ്കിലും തീരുവ ഇളവുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായില്ല. ഇളവിനായി ചില മോട്ടോര്‍സൈക്കിളുകള്‍, ബേബണ്‍ വിസ്‌കി തുടങ്ങിയ യുഎസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്കുമായി യുഎസിലും വ്യാപാര ചർച്ചകൾ നടത്തി.
യൂറോപ്യന്‍ യൂണിയൻ അമേരിക്കന്‍ പാലുൽപ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും അമേരിക്കയില്‍നിന്നുള്ള അരിക്ക് ജപ്പാന്‍ 700 ശതമാനം തീരുവയും അമേരിക്കയില്‍നിന്നുള്ള വെണ്ണയ്ക്ക് കാനഡ 300 ശതമാനം തീരുവയും അമേരിക്കന്‍ കാര്‍ഷിക ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവയും ചുമത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.









0 comments