ഇന്ത്യയ്‌ക്കുമേൽ തീരുവ സമ്മർദവുമായി ഇയു

ന്യൂഡൽഹി: അമേരിക്കയ്‌ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും ഇന്ത്യയ്‌ക്കുമേൽ തീരുവയുടെ പേരിൽ സമ്മർദം ചെലുത്തുന്നു. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കി, വൈൻ, വാഹനങ്ങൾ എന്നിവയുടെ തീരുവ കുറയ്‌ക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കമീഷന്റെ ‘കോളേജ് ഓഫ് കമീഷണേഴ്‌സ്’ തീരുവ വിഷയം മുഖ്യമായും ഉയർത്തും. ഇയുവുമായി പുരോഗമിക്കുന്ന സ്വതന്ത്രവ്യാപാര കരാർ ചർച്ചകളിലും ഇത് മുഖ്യ അജൻഡയാകും.
ട്രംപിന്റെ ഭീഷണിയെ തുടർന്ന് യുഎസിൽ നിന്നുള്ള പല ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കേന്ദ്രം വെട്ടിക്കുറച്ചു. കൂടുതൽ ഉൽപ്പന്നങ്ങളുടെ തീരുവയും കുറച്ചേക്കും. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇയു. സ്വതന്ത്രവ്യാപാര കരാറിനായി ഇയുവുമായി ഒമ്പത് റൗണ്ട് ചർച്ച ഇന്ത്യ നടത്തി. ബ്രസൽസിൽ മാർച്ച് 10 മുതൽ 14 വരെയാണ് പത്താംറൗണ്ട് ചർച്ച. ഇടത്തരം-ചെറുകിട-സൂഷ്‌മ സംരംഭങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നാണ് ചർച്ചകളിൽ ഇന്ത്യ ആവശ്യപ്പെടുന്നത്.
ഉരുക്ക്–- അലുമിനിയം ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്‌ക്കണമെന്നും ആവശ്യപ്പെടും. ഇയുവുമായി വ്യാപാര ധാരണയിൽ എത്തിയാൽ തുണിത്തരങ്ങൾ, തുകൽ, സമുദ്രോൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്‌ക്ക്.









0 comments