സമ്പുഷ്ട യുറേനിയം ഇറാന് വീണ്ടെടുക്കാനാകും

വാഷിങ്‌ടൺ
കഴിഞ്ഞ മാസം അമേരിക്ക ആക്രമിച്ച മൂന്ന് ആണവകേന്ദ്രങ്ങളിൽ ഒരിടത്ത് കുഴിച്ചിട്ടിരിക്കുന്ന സമ്പുഷ്ട യുറേനിയം ഇറാന് വീണ്ടെടുക്കാൻ കഴിയുമെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ.
ജൂൺ 22ന് "ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ" സമയത്ത് യുഎസ് അന്തർവാഹിനി വിക്ഷേപിച്ച ക്രൂസ് മിസൈലുകൾ തകർത്ത ഇസ്ഫഹാനിൽ ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കാനായില്ലെന്നും അവ കുഴിച്ചിട്ടിരിക്കുകയാണെന്നും ഇന്റലിജൻസ് സൂചനയുണ്ടെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
അമേരിക്കയുടെ വ്യോമാക്രമണം ഇറാന്റെ ആണവകേന്ദ്രങ്ങളെ പൂർണമായി തകർത്തെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടത്. ഇറാന്റെ ആണവപദ്ധതി രണ്ടുവർഷം പിന്നോട്ടുനീക്കിയെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ. എന്നാൽ, ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിലും അവ പൂർണമായും നശിപ്പിച്ചില്ലെന്നാണ് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട്.
ഫൊർദോയിൽ ഉൾപ്പെടെ ആണവകേന്ദ്രങ്ങൾക്ക് വലിയ നാശനഷ്‌ടം നേരിട്ടില്ലെന്ന് ഉപഗ്രഹദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് രണ്ടുദിവസംമുമ്പ് ട്രക്കുകളിൽ സാധാനങ്ങൾ കടത്തുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു.









0 comments