ബൊളീവിയയിൽ അടിയന്തരാവസ്ഥ

ലാ പാസ്:
ബൊളീവിയയിൽ വലതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തൊഴിലാളി-–ബഹുജന സംഘടനകളുടെ ഉപരോധ സമരത്തിൽ രാജ്യം സ്തംഭിച്ചതോടെയാണ് സൈന്യത്തെ ഇറക്കി നേരിടാന്‍ നീക്കം. സാധാരണജീവിതം പുനഃസ്ഥാപിക്കാനാണ് അടിയന്തരാവ
സ്ഥയെന്ന് യുഎസ് പക്ഷപാതിയായ പ്രസിഡന്റ് റോഡ്രിഗോ പാസ് അവകാശപ്പെട്ടു.
സമരം തുടരുന്ന ‘തുപക് കതാരി' തദ്ദേശീയ കർഷക ഫെഡറേഷൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ -ബഹുജന പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് അടിച്ചമർത്തൽ. ബാങ്കിങ് സേവനങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കാൻ അധികൃതർക്ക് ചുമതല നൽകി.
ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കരുത്തുപകർന്ന ബൊളീവിയൻ മണ്ണിൽ രണ്ടുപതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിനുശേഷം 2025 നവംബർ എട്ടിനാണ് വലതുപക്ഷ നേതാവായ റോഡ്രിഗോ പാസ് അധികാരത്തിലെത്തിയത്. എന്നാൽ, ഉപജീവനമാർഗം തകർക്കുന്ന ഭരണനയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും തെരുവിലിറങ്ങി. ഇന്ധന സബ്‌സിഡി ഒഴിവാക്കാനുള്ള തീരുമാനവും ഭൂപരിഷ്കരണ നടപടികളുമാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തിൽനിന്ന് ബൊളീവിയൻ വർക്കേഴ്സ് സെൻട്രൽ താൽക്കാലികമായി പിന്മാറിയെങ്കിലും കർഷക സംഘടനകൾ തലസ്ഥാനമായ ലാ പാസ് ഉൾപ്പെടെയുള്ള മേഖലകളിൽ റോഡ് ഉപരോധവുമായി മുന്നോട്ടുപോകുകയാണ്.
അന്പത് ദിവസം പിന്നിട്ട സമരം സൃഷ്‌ടിച്ച സ്‌തംഭനാവസ്ഥ കണക്കിലെടുത്താണ് താൽക്കാലിക പിന്മാറ്റമെന്നും സർക്കാരുമായുള്ള ചർച്ചയിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് തുടരുമെന്നുമാണ് സംഘടനയുടെ പക്ഷം. എന്നാൽ, തദ്ദേശീയ ജനവിഭാഗങ്ങളുടെ ജീവിതം തകർക്കുകയും ഭൂമിസ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുകയുംചെയ്യുന്ന നിയമം പിൻവലിക്കണമെന്നും പ്രസിഡന്റ് രാജിവയ്ക്കണമെന്നുമാണ് സമരരംഗത്തുള്ള മറ്റ് സംഘടനകളുടെ ആവശ്യം.
പ്രതിഷേധക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും തെരുവിലിറങ്ങിയ ജനങ്ങൾ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തന്നെ ചിന്തിപ്പിക്കുന്നുവെന്നും ചപാരെ വനമേഖലയിലെ ശക്തികേന്ദ്രത്തിൽ ഒളിവിൽകഴിയുന്ന മുൻ പ്രസിഡന്റ് ഇവോ മൊറാലിസ് വീഡിയോലിങ്ക് വഴി റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.









0 comments