'കാൻസറാണ്, സഹായിക്കൂ' ഫോളോവേഴ്സിനെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ, ബ്ലോഗർ പിടിയിൽ

ബ്ലോഗര്‍ ദോനിയ ഫുവാദ് (Photo: NDTV)
കൊയ്റോ: കാൻസർ രോഗം ബാധിച്ചുവെന്ന് പറഞ്ഞ് സോഷ്യൽമീഡിയ വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ ബ്ലോഗർ പിടിയിൽ. ഇസ്മായിലിയയിലെ ദോനിയ ഫുവാദ് എന്ന ബ്ലോഗറാണ് പിടിയിലായത്. ഇസ്മായിലിയയിലെ ദോനിയ ഫുവാദ് തന്നെയാണ് തനിക്ക് കാൻസർ ഇല്ലെന്നും എല്ലാവരെയും കബളിപ്പിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി പൊലീസിൽ കീഴടങ്ങിയത്. ചികിത്സയ്ക്കായി പണം വേണമെന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം അഭ്യർത്ഥിച്ച് ചികിത്സാ സഹായം എന്ന പേരിൽ ഏകദേശം 40 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഇവർ തട്ടിയെടുത്തത്.
പിന്നീട് നടത്തിയ വൈദ്യപരിശോധനകളിൽ ഇവർക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ക്കുകയും ചെയ്തു. ഈ ഫണ്ട് ശേഖരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നേരത്തെ ഇവരുടെ ഭർത്താവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സത്യങ്ങൾ ദോനിയ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയും പൊലീസിൽ കീഴടങ്ങുകയും ചെയ്തത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഫുവാദ് പരസ്യമായി സമ്മതിച്ചു.
"എനിക്ക് മാനസിക അസുഖമുണ്ട്, എനിക്ക് ചികിത്സ ആവശ്യമാണ്. ദയവായി എന്നെ സഹായിക്കൂ. ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ സമ്മതിക്കുന്നു, ഇപ്പോൾ എനിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ ഞാൻ അർഹിക്കുന്നതാണ്," അവർ കുറിച്ചു. താൻ അസുഖബാധിതയാണെന്ന് അഭിനയിച്ചപ്പോൾ മറ്റുള്ളവർ പ്രകടിപ്പിച്ച കരുതൽ തനിക്ക് വലിയ ആശ്വാസം നൽകിയിരുന്നതായും അവർ തുടർന്നു പറഞ്ഞു.
തന്റെ ഭർത്താവിന്റെ പരിചരണവും ഫോളോവേഴ്സിന്റെ പിന്തുണയും തനിക്ക് വലിയ മാനസികാശ്വാസം നൽകിയിരുന്നു. നേരത്തെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ചുറ്റുമുള്ളവർ ഉപദേശിച്ചിരുന്നെങ്കിലും താനത് നിരസിച്ചിരുന്നതായും ദോനിയ വെളിപ്പെടുത്തി. സംഭവത്തിൽ ദോനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഓൺലൈൻ തട്ടിപ്പ് ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബ്ലോഗർക്ക് പണം നൽകിയവരിൽ ചിലർ ഇവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.











0 comments