ad
Deshabhimani

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി: കോംഗോയിലും ഉഗാണ്ടയിലും അതിവേഗവ്യാപനം; ജാഗ്രതാ നിർദ്ദേശവുമായി ഡബ്ല്യുഎച്ച്ഒ

Ebola.jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 11:49 AM | 1 min read

ജനീവ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട എബോള രോഗബാധ അതിവേഗം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.


രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനൊപ്പം രോഗം കൂടുതൽ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലേക്ക് പടരുന്നതായും കോംഗോയുടെ അതിർത്തി കടന്ന് അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗവ്യാപനം ഉണ്ടായതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


നിലവിലെ സാഹചര്യത്തിൽ എബോള വ്യാപന സാധ്യത ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 'അതിതീവ്രവും', ഉഗാണ്ട ഉൾപ്പെടെ അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങളിൽ 'തീവ്രവും' ആണെന്ന് ഡബ്ല്യുഎച്ച്ഒ വിലയിരുത്തുന്നു.


എന്നാൽ ആഫ്രിക്കയിലെ മറ്റ് ഭാഗങ്ങളിലും ആഗോളതലത്തിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 515 പേർക്ക് എബോള സ്ഥിരീകരിച്ചു. ഇതിൽ 91 പേർ മരണപ്പെട്ടു.


ഉഗാണ്ടയിൽ 19 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്; രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയിൽ രോഗം ബാധിച്ചവർക്കെല്ലാം കോംഗോയിലെ രോഗബാധയുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.


രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും ആരോഗ്യപ്രവർത്തകർക്കും ഇവിടെ രോഗം പകർന്നിട്ടുണ്ട്. എബോള വൈറസ് കുടുംബത്തിലെ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന 'ബുന്ദിബുഗ്യോ' എന്ന വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.


മേയ് 15-നാണ് ഈ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻപുണ്ടായ പല വ്യാപനങ്ങൾക്കും കാരണമായ 'സയർ' വകഭേദത്തെ അപേക്ഷിച്ച് ബുന്ദിബുഗ്യോ വകഭേദം അപൂർവ്വമാണെങ്കിലും, ഇത് കടുത്ത രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമായേക്കാം.


രോഗവ്യാപനം തടയുന്നതിനായി ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.


ഇതിന്റെ ഭാഗമായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഡബ്ല്യുഎച്ച്ഒയും സംയുക്തമായി പ്രതിരോധ പദ്ധതി രൂപീകരിച്ചു. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.


കടുത്ത പനി, പേശി വേദന, ഛർദ്ദി, വയറിളക്കം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നത് വരെ രോഗികളിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പകരില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home