ad
Deshabhimani

കോംഗോയിൽ എബോള കേസുകൾ 1000 കടന്നു; ഇതുവരെ 254 മരണം

Ebola.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 03:53 PM | 1 min read

കിൻസാഷ : കിഴക്കൻ കോംഗോയിൽ സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 1000 കടന്നു. നിലവിൽ 1,003 കേസുകളാണ് കോം​ഗോയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 254 പേർ രോ​ഗം ബാധിച്ച് മരിച്ചു. 100 പേർ രോ​ഗമുക്തി നേടി. ആശുപത്രികളിലും ഐസൊലേഷനിലുമായി 365 രോഗികളുണ്ട്. മെയ് 15ന് കോം​ഗോയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതിലെ വെല്ലുവിളി രോ​ഗവ്യാപനത്തിന് കാരണമായി എന്നാണ് കരുതുന്നത്.


കിഴക്കൻ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് രോ​ഗവ്യാപനം. നിലവിൽ വാക്സിനുകളോ കൃത്യമായ ചികിത്സയോ ലഭ്യമല്ലാത്ത, അപൂർവമായി കാണപ്പെടുന്ന 'ബുണ്ടിബുഗ്യോ' വൈറസ് വകഭേദമാണ് ഇവിടെ പടർന്നുപിടിക്കുന്നത്. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത് വലിയ പ്രതിസന്ധിയാണ്. 55% ആളുകളെ മാത്രമാണ് കണ്ടെത്താനാകുന്നത്. എബോള ആദ്യം ആർക്കാണ് ബാധിച്ചത് എന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


വിമത ഗ്രൂപ്പായ 'അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്' നടത്തുന്ന ആക്രമണങ്ങൾ കാരണം പല പ്രദേശങ്ങളിലേക്കും ആരോഗ്യ പ്രവർത്തകർക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. ജനങ്ങൾ നിരന്തരം പലായനം ചെയ്യുന്നതും രോഗവ്യാപനം തടയുന്നതിന് തടസമാകുന്നു. ഇറ്റൂരിയുടെ തലസ്ഥാനമായ ബുനിയയിലെ 'കിഗോൺസെ' അഭയാർത്ഥി ക്യാമ്പിൽ അസാധാരണമായ സാഹചര്യത്തിൽ 10 പേർ മരിച്ചു. ഇവിടെ എബോള സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 20,000-ത്തിലധികം ആളുകൾ ഉള്ള ക്യാമ്പിൽ രോഗം പടർന്നാൽ അത് വലിയ ദുരന്തത്തിന് കാരണമാകും.


വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിലും, ആഭ്യന്തര സംഘർഷങ്ങൾ കാരണം 2 ദശലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്തെന്നാണ് കണക്ക്. അഭയാർഥി സമൂഹം നേരിടുന്ന വലിയ ആരോഗ്യപ്രതിസന്ധിയിൽ യുഎൻ അഭയാർഥി ഏജൻസി കടുത്ത ആശങ്ക രേഖപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home