Deshabhimani

യമനില്‍ തടങ്കല്‍ പാളയത്തില്‍ അമേരിക്ക ബോംബിട്ടു; 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു

yemen attack

photo credit: X

avatar
അനസ് യാസിന്‍

Published on Apr 28, 2025, 08:47 PM | 2 min read

മനാമ: വടക്ക്-പടിഞ്ഞാറന്‍ യമനിലെ തടങ്കല്‍ പാളയത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. 47 കുടിയേറ്റക്കാര്‍ക്ക് സാരമായി പരിക്കേറ്റതായും യമനിലെ അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.


തിങ്കളാഴ്ച പുലര്‍ച്ചെയാണ് സദ പ്രവിശ്യയിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അമേരിക്കന്‍ സൈന്യം ബോംബിട്ടത്. നൂറ് എത്യോപ്യക്കാരും ബാക്കി മറ്റ് ആഫ്രിക്കന്‍ രാജ്യക്കാരുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ആക്രമണ സമയത്ത് അന്തേരവാസികള്‍ ഉറക്കത്തിലായിരുന്നു. ബോംബുകളും മിസൈലുകളുമപയോഗിച്ചായിരുന്നു ആക്രമണം. ആറാഴ്ചയ്ക്കിടെ നടന്ന ഏറ്റവും മാരകമായ അമേരിക്കന്‍ ആക്രമണങ്ങളിലൊന്നാണിത്. ഇതോടെ, അമേരിക്കന്‍ ആക്രമണത്തില്‍ യമനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 250 ആയി ഉയര്‍ന്നു.


യുഎസ് ആക്രമണത്തിലെ ഭയാനകമായ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ ചിന്നിചിതറിയും പൊടിപിടിച്ചും കിടക്കുന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം പ്രദേശത്ത് വ്യാപകമായ നാശം വരുത്തി. പരിക്കേറ്റവരെ സദയിലെ ആശുപത്രികളിലേക്ക് മാറ്റി, മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ മരുന്നിന് ക്ഷാമമുണ്ട്.

ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ സൈന്യം പ്രതികരിച്ചില്ല. സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ വ്യോമാക്രമണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കില്ലെന്ന് സൈന്യം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


ദരിദ്രവും സംഘര്‍ഷഭരിതവുമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെത്താന്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന പ്രധാന റൂട്ടാണ് യമന്‍. ഇങ്ങിനെ രേഖകളില്ലാത്ത ആഫ്രിക്കന്‍ കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്നത് ഈ കേന്ദ്രത്തിലായിരുന്നു.

സദയിലേത് കൂട്ടക്കൊലയാണെന്ന് ഹൂതികള്‍ വിശേഷിപ്പിച്ചു. അമേരിക്കന്‍ അപരാധിത്വത്തിന്റെയും മേഖലയിലെ യുഎസ് പ്രവര്‍ത്തനങ്ങളുടെ കനത്ത പരാജയത്തിന്റെയും വ്യക്തമായ ഉദാഹരണമാണ് ബോംബാക്രമണമെന്ന് കൂട്ടിച്ചേര്‍ത്തു. സദ തടങ്കല്‍ കേന്ദ്രത്തില്‍ ബോംബിട്ട് അമേരിക്കന്‍ ഭരണകൂടം ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം എക്‌സില്‍ പറഞ്ഞു.

ഓപ്പറേഷന്‍ റഫ് റൈഡര്‍ എന്ന് പേരിട്ട അമേരിക്കന്‍ ആക്രമണം മാര്‍ച്ച് 15നാണ് ആരംഭിച്ചത്. യമനില്‍ 800 ലധികം ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സദ തടങ്കല്‍ കേന്ദ്രത്തില്‍ ബോംബിട്ടത്.


തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ സനയിലെ ബാനി അല്‍-ഹാരിത് ജില്ലയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മറ്റൊരു ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home