യൂറോപ്യൻ യൂണിയനും നികുതി ഭീഷണി; ട്രംപിന്റെ നീക്കം മറ്റൊരു ആഗോള വ്യാപാര യുദ്ധത്തിലേക്കോ?

donald trump
വെബ് ഡെസ്ക്

Published on Feb 03, 2025, 07:22 PM | 2 min read

വാഷിങ്ടൺ: യൂറോപ്യൻ യൂണിയനും(ഇയു) തീരുവ ചുമത്തുമെന്ന് സൂചന നൽകിയതോടെ ലോകത്തെ വ്യാപാര – നികുതിയുദ്ധത്തിലേക്ക്‌ വലിച്ചിട്ട്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ അദ്ദേഹം ഇതിനകം തന്നെ വലിയ തീരുവ ചുമത്തിയിട്ടുണ്ട്.


എന്നാൽ തീരുവ ചുമത്തിയാൽ തിരിച്ചടിക്കുമെന്ന് ഇയു അറിയിച്ചു. ചർച്ചകളിലൂടെ ഒരു വ്യാപാര സംഘർഷം ഒഴിവാക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.


ട്രംപ് ഇയു-വിനെതിരെ ശബ്ദമുയർത്തുന്നത് ഇതാദ്യമല്ല. 2018-ൽ തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് യൂറോപ്യൻ സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ തീരുവ ചുമത്തിയിരുന്നു. അന്ന്‌ അത്‌ ഒരു വ്യാപാര യുദ്ധത്തിലേക്ക്‌ നയിക്കുകയും ചെയ്‌തു. വിസ്കി, മോട്ടോർ സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇയു തിരിച്ചും താരിഫുകൾ ചുമത്തി. 2024 ഡിസംബറിൽ, യൂറോപ്യൻ യൂണിയൻ കൂടുതൽ അമേരിക്കൻ എണ്ണയും വാതകവും വാങ്ങിയില്ലെങ്കിൽ അവരുമായി വ്യാപാരയുദ്ധം ആരംഭിക്കുമെന്ന് ട്രംപ്‌ ഭീഷണിപ്പെടുത്തി.


അതേസമയം, ഗ്രീൻലാൻഡിന്റെ മേലുള്ള ട്രംപിന്റെ അവകാശവാദത്തെ ഇയുവിലെ രാജ്യമായ ഡെൻമാർക്ക് പൂർണമായും നിരസിച്ചു.ഗ്രീൻലാൻഡ്‌ ഏറ്റെടുക്കാനുള്ള ട്രംപിന്റെ താൽപ്പര്യം 'തമാശയല്ല' എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ആഴ്ച പറഞ്ഞതിന് മറുപടിയെന്നൊണം ഗ്രീൻലാൻഡ് വിൽപ്പനയ്‌ക്കുള്ളതല്ലെന്ന്‌ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്‌സെൻ അറിയിച്ചിരുന്നു. "ഗ്രീൻലാൻഡ് ഇന്ന് ഡെന്മാർക്ക് രാജ്യത്തിന്റെ ഭാഗമാണ്. അത് വിൽപ്പനയ്‌ക്കുള്ളതല്ല," ബ്രസൽസിൽ നടന്ന അനൗപചാരിക യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ്‌ റ്റെ ഫ്രെഡ്രിക്‌സെൻ ഇക്കാര്യം പറഞ്ഞത്‌. ഗ്രീൻലാൻഡിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളിലും പ്രകൃതിവിഭവങ്ങളിലും വളരെക്കാലമായി ട്രംപ്‌ നോട്ടമിട്ടിരുന്നു. അതിനാൽ തന്നെ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഈ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്‌ അദ്ദേഹം.


"കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ തീരുവ ചുമത്താനുള്ള യുഎസ് തീരുമാനത്തിൽ യൂറോപ്യൻ യൂണിയൻ ഖേദിക്കുന്നു"വെന്ന്‌ യൂറോപ്യൻ കമ്മീഷന്റെ വക്താവ് പറഞ്ഞു. "താരിഫുകൾ അനാവശ്യമായ സാമ്പത്തിക തടസം സൃഷ്ടിക്കുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. ഇയുവിന്റെ ഉൽപ്പന്നങ്ങൾക്ക് അന്യായമായോ ഏകപക്ഷീയമായോ താരിഫ് ചുമത്തുന്ന ഏതൊരു വ്യാപാര പങ്കാളിയൊടും തങ്ങൾ ശക്തമായി പ്രതികരിക്കും" എന്നും അദ്ദേഹം പറഞ്ഞു.


അമേരിക്കക്കെതിരെ ചൈനയും കാനഡയും രംഗത്തെത്തിയിട്ടുണ്ട്‌. അമേരിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന 15,500 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക്‌ കാനഡ 25 ശതമാനം തീരുവ ചുമത്തും. മദ്യം, വീഞ്ഞ്‌, ബിയർ, പ്ലാസ്റ്റിക്‌, പച്ചക്കറി, പഴം തുടങ്ങിയവയ്‌ക്കെല്ലാം അധികനികുതി ഈടാക്കും. സർക്കാർ വിൽപ്പനശാലകളിൽനിന്ന്‌ അമേരിക്കൻ നിർമിത മദ്യം നീക്കം ചെയ്യുമെന്ന്‌ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യാ ഭരണത്തലവൻ ഡേവിഡ്‌ എബി പ്രഖ്യാപിച്ചു. അമേരിക്കയ്‌ക്ക്‌ തുല്യമായ തിരിച്ചടി നൽകാൻ സാമ്പത്തിക സെക്രട്ടറിയോട്‌ നിർദേശിച്ചതായി മെക്‌സിക്കൻ പ്രസിഡന്റ്‌ ക്ലോഡിയ ഷീൻബാം പറഞ്ഞു. വ്യാപാരയുദ്ധം ആർക്കും ഗുണംചെയ്യില്ലെന്ന്‌ ചൈന മുന്നറിയിപ്പ്‌ നൽകി. ചൈനയുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും വിദേശ മന്ത്രി വാങ്‌ യി പറഞ്ഞു.



ദക്ഷിണാഫ്രിക്കയെ സഹായിക്കില്ലെന്ന്

ദക്ഷിണാഫ്രിക്കയ്ക്ക്‌ നൽകിവരുന്ന എല്ലാ സാമ്പത്തിക സഹായവും ഭാവിയിൽ പിൻവലിക്കുമെന്നറിയിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. രാജ്യത്തെ ഒരു പ്രത്യേക വിഭാഗക്കാരുടെ ഭൂമി ദക്ഷിണാഫ്രിക്കൻ സർക്കാർ അപഹരിക്കുന്നതായ്‌ ആരോപിച്ച ട്രംപ്‌, വിഷയത്തിൽ അന്വേഷണം നടത്തിയതിന്‌ ശേഷം മാത്രമേ ധനസഹായം നൽകുന്നത്‌ പുനഃപരിശോധിക്കുകയുള്ളെന്നും അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home