അന്തിമകരാർ വൈകിയാൽ ഹോർമുസിൽ ടോൾ ഏർപ്പെടുത്തുമെന്ന് ട്രംപ്

വാഷിങ്‌ടൺ: ഇറാനുമായുള്ള അന്തിമകരാർ 60 ദിവസത്തിനുള്ളിൽ നടപ്പായില്ലെങ്കിൽ ഹോർമുസിലൂടെയുള്ള കപ്പൽയാത്രയ്ക്ക് ടോൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. വെടിനിർത്തൽ കരാർ പ്രകാരം 60 ദിവസത്തേക്ക് മാത്രമേ ടോൾ രഹിത യാത്ര അനുവദിക്കൂ. കാലാവധി അവസാനിച്ചതിനുശേഷം അന്തിമകരാർ യാഥാർഥ്യമായില്ലെങ്കിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സംരക്ഷകനെന്ന നിലയിൽ തങ്ങൾ അനുഭവിച്ച സാമ്പത്തിക ബാധ്യതകൾക്കുള്ള നഷ്ടപരിഹാരമായാണ് തുക ഈടാക്കുന്നതെന്ന് ട്രംപ് ന്യായീകരിച്ചു.
നിലവിലെ ധാരണാപത്രം ഹോർമുസ് കടലിടുക്കിലെ ടോൾ പ്രശ്നം കൈകാര്യം ചെയ്ത രീതിക്കെതിരെ അമേരിക്കയ്ക്കുള്ളിൽ നിന്ന് തന്നെ ട്രംപിന് വലിയ രീതിയിൽ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കാരണം, ഈ കരാർ 60 ദിവസത്തേക്ക് മാത്രമാണ് സൌജന്യ യാത്ര ഉറപ്പാക്കുന്നത്, ഭാവിയിൽ ഫീസ് ഈടാക്കുന്നത് തടയുന്നുമില്ല. അതേസമയം, ചർച്ചകൾക്കായി യുഎസും ഇറാനും 60 ദിവസത്തെ വെടിനിർത്തൽ കരാർ അംഗീകരിച്ചിരുന്നെങ്കിലും, ശനിയാഴ്ച ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിലൂടെ അമേരിക്ക സമാധാന കരാർ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
പ്രധാന എണ്ണ-വാതക പാതയായ ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം ആഗോള ഊർജ്ജ വിതരണത്തിൽ വീണ്ടും ആശങ്കയുണ്ടാക്കുകയാണ്. എന്നാൽ, ശനിയാഴ്ചയും 55 വ്യാപാര കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയതായും വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതായി സൂചനകളൊന്നുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും വ്യക്തമാക്കി.









0 comments