ad
Deshabhimani

print edition ഒമാനിൽ ബോംബിടുമെന്ന് ട്രംപ്‌;
അന്തിമയുദ്ധത്തിന്‌ സജ്ജമെന്ന്‌ ഇറാൻ

Trump.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 18, 2026, 01:30 AM | 1 min read

വാഷിങ്‌ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ കടുത്ത യുദ്ധഭീതിക്ക്‌ അറുതിവരുത്താൻ ഇസ്ലാമാബാദിൽ ഒപ്പിട്ട താൽക്കാലിക ധാരണപത്രത്തിന്റെ കാലാവധി അവസാനിക്കെ, പ്രകോപന നീക്കവുമായി അമേരിക്ക. ഒത്തുതീർപ്പിന്റെ ഭാഷയിൽ സംസാരിച്ചിരുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌, മധ്യസ്ഥ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ഒമാനെതിരെയും ഭീഷണിയുമായി രംഗത്തെത്തി.


ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നീക്കങ്ങൾക്ക് തടസ്സംനിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഒമാനുമായി ഇറാന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. അമേരിക്കയുടെ ഇടപെടലില്ലാതെ ഇറാൻ നേരിട്ട്‌ ഒമാനുമായി ചർച്ച നടത്തുന്നതാണ്‌ ട്രംപിനെ പ്രകോപിപ്പിച്ചത്.


ഇറാനുമേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നതെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒട്ടും ധൃതിയില്ലെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുമായി നേരിട്ടുള്ള ചർച്ചാ ചാനൽ തുറന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.


പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവച്ച താൽക്കാലിക ധാരണപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചു. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ച സ്തംഭിച്ചതോടെ, ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്നും ‘വെള്ളക്കൊടി’ ഉയർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.


എന്നാൽ അമേരിക്കയുടെ നഗ്നമായ കരാർ ലംഘനങ്ങളാണ് ധാരണപത്രം അസാധുവാകാൻ കാരണമായതെന്ന് ഇറാന്റെ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നും ‘പരമാവധി പ്രതിരോധം’ എന്ന ശൈലിയിലേക്ക് സൈനിക തന്ത്രങ്ങൾ മാറുകയാണെന്നും ഇറാന്റെ സീനിയർ കമാൻഡർ ബ്രിഗേഡിയർ ജനറൽ യദുള്ള ജവാനി പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home