print edition ഇറാൻ, ക്യൂബ പ്രതിനിധികൾ ഇറങ്ങിപ്പോയി; ലോകത്തെ വെല്ലുവിളിച്ച് യുഎന്നിൽ ട്രംപ്

ന്യൂയോർക്ക്: ലോകത്തെ വൻ സംഘർഷത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിവിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തിൽ സാമ്രാജ്യത്വ ധാർഷ്ട്യവുമായി ഭീഷണി ആവർത്തിച്ചു. "ഇറാനെ പുനർനിർമിക്കാൻ അനുവദിക്കുന്ന കരാറുണ്ടാക്കണോ അതോ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഞാൻ തുടച്ചുനീക്കണോ? അവരെ രക്ഷപ്പെടാൻ ഒരവസരവും നൽകാതെ ഞാൻ നരകത്തിലേക്ക് തള്ളണോ?’– ട്രംപ് ആക്രോശിച്ചു.
യുദ്ധവെറി പ്രസംഗത്തിൽ പ്രതിഷേധിച്ച് ഇറാന്റെ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഹോർമുസ് കടലിടുക്ക് തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ചർച്ചകളിൽനിന്നും ഇറാൻ ഒളിച്ചോടുകയാണെന്നും, നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ നവംബറിലെ ഫലം എന്തായാലും ഇറാന് മേലുള്ള തന്റെ നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച ട്രംപ്, തന്റെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിൽ ക്യൂബ പരാജയപ്പെട്ട രാഷ്ട്രമാണെന്നും ഉടൻ തകർന്നടിയുമെന്നും ട്രംപ് അധിക്ഷേപിച്ചു. തൊട്ടുപിന്നാലെ കടുത്ത പ്രതിഷേധമുയർത്തി ക്യൂബൻ പ്രതിനിധികൾ ഇറങ്ങിപ്പോയി.
ഇന്ത്യ–പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ആവർത്തിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ "നിയന്ത്രണംവിട്ട ക്രിമിനൽ സ്ഥാപനം" എന്ന് ആക്ഷേപിച്ച ട്രംപ്, കോടതിയെ അമേരിക്ക ഒട്ടും ബഹുമാനിക്കുന്നില്ലെന്നും പറഞ്ഞു. കൃത്രിമബുദ്ധിയെ നിയന്ത്രിക്കാനുള്ള വിദഗ്‌ധരുടെ ആവശ്യങ്ങളെ തള്ളിയ ട്രംപ്, ഇതിനുള്ള രാജ്യാന്തര ശ്രമങ്ങൾ അമേരിക്ക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു.










0 comments