ad
Deshabhimani

print edition മാധ്യമവിലക്ക് തിരിച്ചടിച്ചു; ട്രംപിനെ ഒറ്റക്കെട്ടായി ബഹിഷ്കരിച്ച് യുഎസ് മാധ്യമങ്ങൾ

Trump
വെബ് ഡെസ്ക്

Published on Sep 23, 2026, 01:12 AM | 2 min read

വാഷിങ്‌ടൺ: വിമർശിക്കുന്ന മാധ്യമങ്ങളെ വൈറ്റ്‌ഹ‍ൗസിൽനിന്ന്‌ പുറത്താക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകാധിപത്യ നീക്കത്തിന്‌ വൻ തിരിച്ചടി. യുഎസ്‌ മാധ്യമങ്ങളുടെ സംയുക്ത പ്രതിരോധത്തിൽ ഐക്യരാഷ്‌ട്രസഭാ സമ്മേളനവുമായി ബന്ധപ്പെട്ടതടക്കം ട്രംപിന്റെ പരിപാടികളെല്ലാം ‘വാർത്താപ്രതിസന്ധി’യിലായി.


സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ എന്നീ പ്രമുഖ മാധ്യമങ്ങളെ വിലക്കിയ ട്രംപിന്റെ നടപടിയാണ്‌ വിനയായത്‌. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച്‌ പ്രധാനപ്പെട്ട എല്ലാ യുഎസ് ടിവി ചാനലുകളും പ്രസിഡന്റിന്റെ ഔദ്യോഗിക വാർത്താകവറേജ്‌ പൂർണമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. മാധ്യമങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന അടിസ്ഥാനതത്വം ഉയർത്തി പ്രമുഖ ചാനലുകൾ ഒരുമിച്ച് പ്രസിഡന്റിനെ ബഹിഷ്കരിക്കുന്നത് ചരിത്രത്തിലാദ്യം.


തന്റെ ടീമിനെക്കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ട്രംപ് മൂന്നുമാധ്യമങ്ങൾക്ക്‌ വിലക്ക്‌ പ്രഖ്യാപിച്ചത്. പിന്നാലെ മാധ്യമപ്രവർത്തകരുടെ എൻട്രി ബാഡ്ജുകൾ വൈറ്റ്ഹൗസ് റദ്ദാക്കി. ഇതിനെതിരെ സിഎൻഎൻ ഉൾപ്പെടെ ഫയൽചെയ്ത ഹർജിയിൽ ബുധനാഴ്ച കോടതി അടിയന്തരവാദം കേൾക്കും.


കുടിയേറ്റ വിരുദ്ധതയും വംശീയതയും വിറ്റ് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ട്രംപിന്റെ അടിച്ചമർത്തൽ നയം മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന യുഎസ്‌ ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണെന്ന് മാധ്യമസംഘടനകൾ ചൂണ്ടിക്കാട്ടി.


ഒരു നൂറ്റാണ്ടിലേറെയായി വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്ന പ്രസ് പൂൾ സംവിധാനത്തിന്റെ നിയന്ത്രണം ഫെബ്രുവരിയിൽ അധികൃതർ ഏറ്റെടുത്തിരുന്നു. പിന്നാലെ, ‘ഗൾഫ് ഓഫ് അമേരിക്ക' എന്നല്ലാതെ ‘ഗൾഫ് ഓഫ് മെക്സിക്കോ' എന്ന അന്താരാഷ്ട്ര പേര് ഉപയോഗിച്ചു എന്നപേരിൽ അസോസിയേറ്റഡ് പ്രസ് ലേഖകരെ ഓവൽ ഓഫീസിൽനിന്നും എയർഫോഴ്സ് വണ്ണിൽനിന്നും വിലക്കി.


വാർത്തകൾക്കായി മാധ്യമങ്ങൾ ഒത്തുചേർന്ന് രൂപീകരിക്കുന്ന ‘വൈറ്റ്‌ഹ‍ൗസ്‌ പ്രസ് പൂൾ' സംവിധാനത്തിൽനിന്നും ഫോക്സ് ന്യൂസ്, എബിസി, സിബിഎസ്, എൻബിസി അടക്കമുള്ള വൻകിട ചാനലുകൾ പിന്മാറിയത് ട്രംപിന് കനത്ത തിരിച്ചടിയായി. തിങ്കളാഴ്ച വൈറ്റ്ഹൗസിലെ പുതിയ ഹെലിപാഡ് ഉദ്ഘാടനച്ചടങ്ങിലെ ട്രംപിന്റെ പ്രസംഗം ജനങ്ങളിലെത്തിക്കാൻ ഒരു മാധ്യമവും തയ്യാറായില്ല.


വൈറ്റ്ഹൗസ് സ്വന്തംനിലയ്ക്ക് തത്സമയ സംപ്രേഷണം നടത്തിയെങ്കിലും ഹെലികോപ്റ്ററിന്റെ ശബ്ദത്തിൽ ട്രംപ് പറഞ്ഞത്‌ കേൾക്കാൻ കഴിഞ്ഞതുമില്ല. തുടർന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ മാധ്യമങ്ങളെ തടഞ്ഞില്ല. വിമർശനങ്ങൾ എന്തുതന്നെയായാലും വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യം നൽകണമെന്ന്‌ മംദാനി പറഞ്ഞു.


‘മൂന്നാംകിട 
കോമാളികൾ' 
എന്ന് അധിക്ഷേപം​


വൈറ്റ്ഹൗസ് കവറേജ്‌ യുഎസ് ചാനലുകൾ ബഹിഷ്കരിച്ചതിന് പിന്നാലെ മാധ്യമങ്ങൾക്കെതിരെ വീണ്ടും അധിക്ഷേപവുമായി യുഎസ് പ്രസിഡന്റ്. കോടതിയെ സമീപിച്ച സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ "മൂന്നാംകിട കോമാളികൾ’ എന്നും "അഴിമതി നിറഞ്ഞ മാധ്യമങ്ങൾ’ എന്നുമാണ് ഡോണൾഡ്‌ ട്രംപ് വിശേഷിപ്പിച്ചത്. മാധ്യമബഹിഷ്കരണത്തെ മറികടക്കാൻ വൈറ്റ്ഹൗസ് നേരിട്ട് ‘ട്രംപ് ടിവി' എന്ന പേരിൽ യൂട്യൂബ്‌ ചാനൽ ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home