print edition യൂണിവേഴ്‌സൽ സൊല്യൂഷൻസ് നിക്ഷേപക തട്ടിപ്പ്; ആഭ്യന്തര സെക്രട്ടറിക്ക് ഹെെക്കോടതി വാറന്റ്

കൊച്ചി: നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കുന്നതിനായി തട്ടിപ്പ് കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വാറന്റ്. യൂണിവേഴ്‌സൽ ട്രേഡിങ് സൊല്യൂഷൻസിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർ നൽകിയ ഹർജിയിലാണ് നടപടി.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ മുഖേന വാറന്റ് നടപ്പാക്കാനാണ് രജിസ്ട്രിക്ക് നൽകിയിട്ടുള്ള നിർദേശം. കേസ് അടുത്തതവണ പരിഗണിക്കുന്ന 28ന് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരിക്കണം. അഞ്ചുലക്ഷംരൂപയുടെ ബോണ്ടിൽ ഉദ്യോഗസ്ഥന് ജാമ്യം നൽകാമെന്നും ജസ്റ്റിസ് എം എ അബ്ദുൾ ഹക്കിം ഉത്തരവിട്ടു.
കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ ബഡ്സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാൻ മാർച്ച് മൂന്നിന് കോടതി ഉത്തരവിട്ടിരുന്നു. ആറുമാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല.
ഉത്തരവ് നടപ്പാക്കാത്തപക്ഷം നേരിട്ട് ഹാജരാകാൻ ബഡ്സ് ആക്‌ട് നടപടികളുടെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സ്വമേധയാ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി 3000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.









0 comments