ചൂര സുരക്ഷിതമെന്ന് സിഎംഎഫ്ആർഐ

കൊച്ചി
ചൂര മീൻ കഴിക്കുന്നത് സുരക്ഷിതമല്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യൻ തീരങ്ങളിലെ ചൂര സുരക്ഷിതമെന്ന് സിഎംഎഫ്ആർഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. 96 ശതമാനം ചൂരകളിലും വിരകളും മറ്റു പരാദങ്ങളുമുണ്ടെന്ന തരത്തിൽ ഏതാനും മാധ്യമങ്ങൾ നൽകിയ വാർത്ത ചൂരമീൻ വിപണിക്ക് വൻ തിരിച്ചടിയായിരുന്നു.
ഇന്ത്യയിൽ പിടിക്കപ്പെടുന്ന ചൂരമീനുകളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി. മത്സ്യ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിൽ ലഭ്യമായ ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയിൽ മനുഷ്യർക്ക് ഹാനികരമാകുന്ന ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ, മറ്റ് ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളിൽ പരാദജീവികളുടെ സാന്നിധ്യം കാണപ്പെടുന്നത്. ഇന്ത്യൻ സമുദ്രമേഖലയിൽ അത്തരം സാഹചര്യമില്ല. കഴുകി ശുചിയാക്കി കുടലും മറ്റ് ആന്തരികാവയവങ്ങളും ഒഴിവാക്കി വേവിച്ചു കഴിക്കുന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ല. അതുവഴി മത്സ്യത്തിന്റെ പോഷകഗുണങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി. ചൂരക്കെതിരെ ഉയർന്ന വ്യാജപ്രചാരണം മൂലം കോടികളുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ ഉണ്ടായത്.









0 comments