print edition വെല്ലുവിളികളും ചെറുത്തുനിൽപ്പും ചർച്ചചെയ്ത് സഹകരണ സമ്മേളനം

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ സഹകരണ സമ്മേളനം മന്ത്രി എം ലിജു ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്: സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ചചെയ്ത് സഹകരണ സമ്മേളനം. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് സഹകരണ മേഖല നേരിടുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് ഗൗരവമായ ചർച്ച നടന്നത്.
കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹകരണ നയങ്ങൾ വലിയ വെല്ലുവിളി ഉയർത്തുന്നതായി അഭിപ്രായമുയർന്നു.
സഹകരണ സ്ഥാപനങ്ങൾ നൽകുന്ന വായ്‌പകളുടെ തിരിച്ചടവുകൾ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രനയം മേഖലക്ക് വെല്ലുവിളിയാണ്. നോട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥയെ തകർത്തപ്പോഴും സഹകരണ മേഖല ചെറുത്തുനിന്നതായും സമ്മേളനത്തിൽ അഭിപ്രായമുയർന്നു. മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പോരാടാനും സഹകരണ മേഖലയെ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും ഒരുമിച്ച് മുന്നേറാനും ആഹ്വാനം ചെയ്‌താണ് സമ്മേളനം പിരിഞ്ഞത്.
സഹകരണ സമ്മേളനം മന്ത്രി എം ലിജു ഓൺലൈനായി ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് പി എം വഹീദ അധ്യക്ഷയായി. കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ എം മെഹബൂബ്, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ആമ്പക്കാട്ട് സുരേഷ്, കേരള കോ- ഓപ്പറേറ്റീവ് ഫ്രണ്ട് ജനറൽ സെക്രട്ടറി സി വി അജയൻ, കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ പ്രസിഡന്റ് വി എസ് ജയകുമാർ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി മുസ്‌തഫ അബ്‌ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം പി പ്രബിത നന്ദിയും പറഞ്ഞു.









0 comments