പോളണ്ടിലേക്ക് 5,000 യുഎസ് സൈനികരെ അധികമായി അയക്കും- ട്രംപ്; ജർമ്മനിയിൽ നിന്ന് പിന്മാറാൻ നീക്കം

യുഎസ് സൈനികർ (Photo: Wikipedia)
വാഷിംഗ്ടൺ : പോളണ്ടിലേക്ക് 5,000 സൈനികരെ അധികമായി നിയോഗിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോളണ്ടിലേക്കുള്ള 4,000 സൈനികരുടെ വിന്യാസം പെന്റഗൺ റദ്ദാക്കി കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പോളിഷ് പ്രസിഡന്റ് കരോൾ നാവ്‌റോക്കിയുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കഴിഞ്ഞ വർഷം നടന്ന പോളണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാവ്‌റോക്കിക്ക് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായി യൂറോപ്പിലെ ആകെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കുമെന്ന് ഈ മാസം ആദ്യം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസും തമ്മിലുണ്ടായ കടുത്ത തർക്കങ്ങൾക്ക് പിന്നാലെയായിരുന്നു ഈ നീക്കം. ഇറാൻ ചർച്ചകളിൽ അമേരിക്ക അപമാനിതരായി എന്ന മെർസിന്റെ പരാമർശത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ജർമ്മനിയിൽ നിന്ന് പിൻവലിക്കുന്ന സൈനികരെയാണോ പോളണ്ടിലേക്ക് മാറ്റുന്നത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
ഹോർമുസ് കടലിടുക്ക് തർക്കത്തിൽ ഇറാന് മേൽ സമ്മർദ്ദം ചെലുത്താൻ തയാറാകാത്ത നാറ്റോ സഖ്യകക്ഷികൾക്കെതിരെയും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. വിഷയം ചർച്ച ചെയ്യാൻ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ച സ്വീഡനിൽ നടക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിരോധ ചെലവുകൾ നാറ്റോ സഖ്യകക്ഷികൾ തുല്യമായി പങ്കിടണമെന്ന ആവശ്യം റൂബിയോ യോഗത്തിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. നാറ്റോ സഖ്യകക്ഷികളുടെ നിലപാടുകളിൽ ട്രംപ് അതീവ നിരാശനാണെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി.










0 comments