എഐ രംഗത്തും ട്രംപിന്റെ പ്രതികാരം, ആയുധ നിര്‍മ്മാണത്തിൽ സഹകരിക്കാത്തതിന് ആന്ത്രോപികിനെ വെട്ടി ഒപ്പൺ എഐക്ക് കരാര്‍


എൻ എ ബക്കർ
Published on Feb 28, 2026, 04:20 PM | 2 min read
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപികിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികാരം. യുഎസ് പ്രതിരോധ കരാറുകൾ എതിരാളികളായ ഓപ്പൺ എഐ യ്ക്ക് മറിച്ച് നൽകി. മനുഷ്യ വിനാശകരമായ ആവശ്യങ്ങൾക്ക് എഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കൂട്ടുനിൽക്കാത്തതാണ് കാരണം.
ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപികിനെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് വിലക്കിയത്. കമ്പനിയുടെ പ്രശസ്ത എഐ മോഡലായ'ക്ലോഡ്' (Claude)സൈനിക ആവശ്യങ്ങൾക്കായി നിരുപാധികം വിട്ടുനൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് ആന്ത്രോപിക് തയാറാവാതിരുന്നതാണ് പ്രകോപനം.
ആന്തോപിക്കിനെ പട്ടികപ്പെടുത്തിയതിന് പിന്നാലെ,പ്രതിരോധ ആസ്ഥാനത്തെ അതീവ രഹസ്യ നെറ്റ്‌വർക്കുകളിൽ(Classified Network) എഐ മോഡലുകൾ ഉപയോഗിക്കാൻ ഓപ്പൺ എഐയുമായി കരാറിലെത്തുകയും ചെയ്തു.
ആന്ത്രോപികിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്താൻ എല്ലാ ഫെഡറൽ ഏജൻസികൾക്കും ട്രംപ് നിർദ്ദേശം നൽകി. കമ്പനിയെ"സപ്ലൈ ചെയിൻ റിസ്ക്" ആയി പ്രഖ്യാപിക്കാനും നീക്കമുണ്ട്. ട്രംപ് സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ആന്ത്രോപിക് വ്യക്തമാക്കി.
എന്താണ് തർക്കത്തിന് കാരണം
തങ്ങളുടെ എഐ സാങ്കേതികവിദ്യ മനുഷ്യര്‍ക്ക് മേലുള്ള കൂട്ട നിരീക്ഷണത്തിനോ( Mass Surveillance), മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന ആയുധങ്ങൾ (Fully Autonomous Weapons) നിർമ്മിക്കാനോ പ്രവര്‍ത്തിപ്പിക്കാനോ ഉപയോഗിക്കരുത് എന്ന കർശന നിലപാടാണ് ആന്ത്രോപിക് സ്വീകരിച്ചത്. എന്നാൽ,സൈന്യത്തിന്റെ ആവശ്യങ്ങളിൽ ഇത്തരം ഉപാധികൾ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം തിരിച്ചടിച്ചു.
"നമുക്ക് ആന്ത്രോപിക്കിന്റെ ആവശ്യമില്ല.നമ്മുടെ സൈന്യത്തെ സഹായിക്കാൻ തയ്യാറാകാത്ത കമ്പനികളുമായി സർക്കാർ സഹകരിക്കില്ല,"എന്നാണ്-ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
അമേരിക്കൻ സൈന്യത്തിന് നിരുപാധികമായ പിന്തുണ നൽകാൻ തയ്യാറാകാത്ത ഒരു കമ്പനിയും പ്രതിരോധ വകുപ്പിന്റെ ഭാഗമാകാൻ യോഗ്യരല്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്(Pete Hegseth)പറഞ്ഞു. ആന്ത്രോപികുമായി ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ബന്ധമുള്ള കരാറുകാർക്ക് സൈന്യവുമായി സഹകരിക്കാൻ കഴിയില്ലെന്നും ഭീഷണി തുടര്‍ന്നു.
ഓപ്പൺ എഐയുടെ നിലപാട്
ആന്ത്രോപിക് പുറത്തായതിന് മണിക്കൂറുകൾക്ക് ശേഷം,പെന്റഗണുമായി ധാരണയിലെത്തിയതായി ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ പ്രഖ്യാപിച്ചു. ആന്ത്രോപിക് ആവശ്യപ്പെട്ട അതേ സുരക്ഷാ നിബന്ധനകൾ തങ്ങളുടെ കരാറിലും ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എഐ ഉപയോഗിച്ചുള്ള തീരുമാനങ്ങളിൽ മനുഷ്യരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും കൂട്ട നിരീക്ഷണത്തിന് എഐ ഉപയോഗിക്കില്ലെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നും അവകാശപ്പെട്ടു. എഐ മേഖലയിലെ സാങ്കേതിക കൂട്ടായ്മകളിൽ നിന്നുയര്‍ന്ന പ്രതിഷേധം പക്ഷേ തണുപ്പിക്കാനായില്ല.
ഐക്യദാർഢ്യവുമായി മറ്റ് കമ്പനികൾ
ഈ തർക്കം എഐ സാങ്കേതിക മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇടയിൽ വൻ ചര്‍ച്ചകൾക്ക് കാരണമായി. ഗൂഗിൾ ഡീപ്‌മൈൻഡ്(Google DeepMind),ഓപ്പൺ എഐ എന്നിവിടങ്ങളിലെ നൂറുകണക്കിന് ജീവനക്കാർ ആന്ത്രോപികിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. തങ്ങളുടെ സാങ്കേതികവിദ്യ യുദ്ധത്തിനും നിരീക്ഷണത്തിനുമായി ദുരുപയോഗം ചെയ്യരുതെന്ന് അവർ സംയുക്ത കത്തിൽ ആവശ്യപ്പെട്ടു.

ആന്ത്രോപിക് മുന്നോട്ടുവെച്ചതിന് സമാനമായ സുരക്ഷാ നിബന്ധനകൾ( Safeguards)അംഗീകരിച്ചുകൊണ്ടാണ് കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് സാം ആൾട്ട്മാന്റെ ഓപ്പൺ എഐ കമ്പനി ഇതിന് പിന്നാലെ ന്യായീകരണവുമായി രംഗത്ത് എത്തിയത്.
ആന്ത്രോപിക് കോടതിയെ സമീപിക്കുന്നതോടെ ഈ വിഷയം യുഎസിലെ നിയമ നിർമ്മാണ സഭകളിലും കോടതികളിലും വലിയ ചർച്ചയാകും. എഐ കമ്പനികൾക്ക് സർക്കാരിന് മേൽ എത്രത്തോളം നിയന്ത്രണമുണ്ടാകാം എന്നതിനെ സംബന്ധിച്ച നിർണ്ണായക തീരുമാനമായിരിക്കും ഇതിലൂടെ പുറത്തുവരിക.
മാത്രമല്ല ഇത്തരം സാങ്കേതിക വിദ്യ യുദ്ധങ്ങൾക്കും മനുഷ്യക്കുരുതിക്കും വേണ്ടി ഉപയോഗിക്കുന്നതിന്റെ മാനുഷിക ധാര്‍മ്മിക പ്രശ്നങ്ങളും ലോകത്തിന് മുന്നിൽ ചോദ്യമാവുകയാണ്.











0 comments