'ആക്രമിക്കപ്പെട്ടാല്‍ ഇന്ത്യക്കൊപ്പം നിൽക്കും'; മോദിയുള്ളിടത്തോളം കാലം മാത്രം സൗഹൃദമെന്ന് ട്രംപ്

Image Credit : PTI
എവിയൻ (ഫ്രാൻസ്): ഇന്ത്യക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ രാജ്യം ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനവുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം മാത്രമേ ഈ പിന്തുണ ഉറപ്പുനൽകാനാകൂ എന്ന തരത്തിലുള്ള തികച്ചും വ്യക്തികേന്ദ്രീകൃതമായ പരാമർശമാണ് ട്രംപ് നടത്തിയത്. "മോദി നേതാവായിരിക്കുന്നിടത്തോളം കാലം ഞങ്ങൾ സഹായിക്കാൻ അവിടെയുണ്ടാകും, പുതിയൊരു നേതാവാണ് വരുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല," എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഫ്രാൻസിലെ എവിയൻ-ലെസ്-ബെയ്ൻസിൽ നടന്ന ജി7 ഉച്ചകോടിയുടെ അനുബന്ധമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക പ്രതിരോധ കരാറുകൾ ഇല്ലെങ്കിലും ഇന്ത്യക്ക് പ്രതിരോധ വെല്ലുവിളികൾ ഉണ്ടായാൽ അമേരിക്ക സഹായിക്കാൻ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെ കേവല വ്യക്തിഗത സൗഹൃദങ്ങളിലേക്ക് ചുരുക്കിക്കാണിക്കുന്ന ട്രംപിന്റെ പതിവ് രീതി ഇവിടെയും ആവർത്തിച്ചു.
എന്നാൽ, ഗൾഫ് ഓഫ് ഒമാനിൽ അമേരിക്ക നടത്തിയ സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട അതീവ ഗുരുതരമായ വിഷയത്തിൽ പ്രതികരിക്കാൻ പോലും ട്രംപ് തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ പൗരന്മാരുടെ ജീവന് വില കൽപ്പിക്കാത്ത അമേരിക്കൻ നിലപാടിന് മുന്നിൽ കടുത്ത പ്രതിഷേധം ഉയർത്തുന്നതിന് പകരം, കേവല സൗഹൃദ പ്രകടനങ്ങളിൽ പ്രധാനമന്ത്രി മോദി സംതൃപ്തി കണ്ടെത്തുകയായിരുന്നു.
ട്രംപിനെ കെട്ടിപ്പിടിച്ച് 'മൈ ഫ്രണ്ട്' എന്ന് വിളിച്ച് മോദി കാലങ്ങളായി വിനയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ പരമാധികാരത്തെക്കാൾ അമേരിക്ക സ്വന്തം താല്പര്യങ്ങൾക്കാണ് വില കൽപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രതികരണം. മുൻപ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ രാജ്യത്തെ കോർപ്പറേറ്റ് വികസനത്തിന്റെ പൊള്ളത്തരം പുറത്താകാതിരിക്കാനും ദാരിദ്ര്യം മറച്ചുവെക്കാനും ചേരിപ്രദേശങ്ങൾ വെള്ള ഷീറ്റുകൾ വെച്ചും മതിൽ കെട്ടിയും മറച്ച മോദി സർക്കാരിന്റെ വിനീത വിധേയത്വ നിലപാടുകളുടെ തുടർച്ചയാണ് ജി7 വേദിയിലും ദൃശ്യമായത്.
അതേസമയം ജി-7 ഉച്ചകോടിയുടെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, റഷ്യൻ എണ്ണക്കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ പിൻവലിക്കാനും ഉപരോധം ശക്തമാക്കാനും അമേരിക്ക തയാറെടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ഹൊർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നിയന്ത്രിച്ചു നിർത്താനായി നേരത്തെ റഷ്യൻ എണ്ണക്കപ്പലുകൾക്ക് നൽകിയ ഇളവുകൾ ഉടൻ തന്നെ പിൻവലിക്കാൻ യുഎസിന് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്കയുടെ ഈ ഏകപക്ഷീയമായ സാമ്പത്തിക യുദ്ധപ്രഖ്യാപനം വരുംദിവസങ്ങളിൽ വലിയ തിരിച്ചടിയായേക്കും.










0 comments