തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികൾ പിടിയിൽ; വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും

മലപ്പുറം: നിലമ്പൂരിൽ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരുന്നത്.
കോഴിക്കോട് രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. (KL 11) കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയിൽ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടയിലാണ് വലിയ ശബ്ദത്തോടെ തീ തുപ്പി പാഞ്ഞുവന്ന കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ കോളേജിൽ പഠിക്കുന്ന നാല് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.
വിദ്യാർഥികളായതിനാൽ നിലവിൽ ഇവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മറ്റൊരാളുടെ പേരിലുള്ള കാറിന്റെ സൈലൻസർ പൂർണമായും മാറ്റി, തീ പുറത്തേക്ക് വരുന്ന അപകടകരമായ രീതിയിലാണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും, നിയമവിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ ആർസി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.









0 comments