യുകെ സൈനിക താവളത്തിലെ ഭീഷണി: നടപടി ഉടനെന്ന് ട്രംപ്, ആരോപണങ്ങളെ തള്ളി ഇറാൻ

വാഷിങ്ടൺ: യുകെയും സഖ്യരാഷ്ട്രങ്ങളും ആരോപിച്ചതുപോലെ ആർഎഎഫ് ഫെയർഫോർഡ് സംഭവത്തിൽ ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ, അവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ഇറാനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
"ഞങ്ങൾ അത് നിരീക്ഷിച്ചു വരികയാണ്. ഇറാനെതിരെ സ്വീകരിക്കാൻ ഒരുപാട് നടപടികളുണ്ട്. എന്നാൽ നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ ഇല്ല, അവിടുത്തെ പണപ്പെരുപ്പം 301 ശതമാനത്തിലെത്തി നിൽക്കുകയുമാണ്"- ട്രംപ് പറഞ്ഞു.
സെപ്റ്റംബർ 27ന് ഗ്ലൗസെസ്റ്റർഷെയറിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിലുണ്ടായ സംഭവത്തിൽ ഇറാന് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് ബ്രിട്ടൻ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുകെ സർക്കാരും മറ്റ് സഖ്യരാഷ്ട്രങ്ങളും ചേർന്ന് തിങ്കളാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇറാന്റെ പ്രവർത്തനങ്ങളെ അപലപിച്ചത്.
എന്നാൽ ബ്രിട്ടന്റെ ആരോപണങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രാലയം, ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണം ആണെന്ന് വ്യക്തമാക്കി. വ്യക്തമായ തെളിവുകൾ ഹാജരാക്കാതെ, ഉയർന്ന സാധ്യതയുണ്ട് എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ബ്രിട്ടന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇതൊരു വ്യാജ ആരോപണം ആണെന്നും, ഇറാന്റെ പേര് ചീത്തയാക്കാനുള്ള ഗൂഢാലോചനയാണെന്നും ആരോപിച്ച ഇറാൻ, ഇതിന്റെ പ്രത്യാഘാതങ്ങൾക്ക് യുകെ സർക്കാരായിരിക്കും ഉത്തരവാദികളെന്നും മുന്നറിയിപ്പ് നൽകി.
ആർഎഎഫ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് നേരെ ഇറാൻ പിന്തുണയോടെ ഭീകരാക്രമണ പദ്ധതിയുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. തുടർന്ന് സ്ഫോടനത്തിന് പദ്ധതിയിട്ടു എന്ന സംശയത്തെ തുടർന്ന് സെപ്റ്റംബർ 27ന് യുകെ പൊലീസ് അഞ്ച് ബ്രിട്ടിഷ് പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.









0 comments