ad
Deshabhimani

കളിക്കാൻ നിന്നാൽ പണി കിട്ടും; ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ 'വ്യാപാര യുദ്ധം'

Trump.jpg
വെബ് ഡെസ്ക്

Published on Feb 24, 2026, 08:32 AM | 1 min read

വാഷിംഗ്ടൺ: ലോകത്തെ ഒന്നടങ്കം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ധിക്കാരപരമായ വ്യാപാര നയങ്ങൾ. അമേരിക്കയുമായി സഹകരിക്കാത്ത രാജ്യങ്ങളെ വിരട്ടുന്നതിന്റെ ഭാഗമായി കനത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി.


അടിയന്തരാധികാരം ദുരുപയോഗം ചെയ്ത് ട്രംപ് പ്രഖ്യാപിച്ച വ്യാപകമായ ഇറക്കുമതി ചുങ്കങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ട്രംപിന്റെ ഈ നീക്കം.


താനുമായി 'കളിക്കാൻ' നിൽക്കുന്ന രാജ്യങ്ങൾക്ക് പണി കൊടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഒരു ലോക നേതാവിന് ചേർന്നതല്ലെന്നും ഏകാധിപതിയുടെ ശൈലിയാണെന്നും ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്.


ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി ചുങ്കം ഉയർത്തുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകും. ഇത് വികസ്വര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.


ഭരണഘടനാപരമായ പരിധികൾ ലംഘിച്ചുകൊണ്ട് പ്രസിഡന്റ് നടത്തുന്ന ഇടപെടലുകൾക്കെതിരെ അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് പോലും വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ പിടിവാശി ഉപേക്ഷിക്കാൻ ട്രംപ് തയ്യാറല്ല.


ശത്രുരാജ്യങ്ങളെ മാത്രമല്ല, പരമ്പരാഗത സുഹൃദ് രാജ്യങ്ങളെ പോലും ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ നയം അമേരിക്കയെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുകയാണ്. അമേരിക്കൻ കോർപ്പറേറ്റുകളെ സഹായിക്കാനായി സാധാരണക്കാരുടെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ഈ 'വ്യാപാര യുദ്ധം' ഒടുവിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.


ട്രംപിന്റെ ഇത്തരം വിവേചനരഹിതമായ തീരുമാനങ്ങൾ ലോകത്തെ മറ്റൊരു വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home