print edition ദോഹയിൽ ചർച്ചയെന്ന് ട്രംപ്; നിഷേധിച്ച് ഇറാൻ

വാഷിങ്‌ടൺ/തെഹ്റാൻ: താൽക്കാലിക വെടിനിർത്തൽ കരാറിനെ അസ്ഥിരപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സൈനികനീക്കങ്ങൾക്കൊടുവിൽ ശേഷം യുഎസ്–-ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം. ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വച്ച് ഇറാന്റെ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഇറാനാണ് ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചതെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഈയാഴ്ച യുഎസ് പ്രതിനിധികളുമായി ഒരുവിധ ഔദ്യോഗിക ചർച്ചയും നിശ്ചയിച്ചിട്ടില്ലെന്നും ഇറാൻ വിദേശ സഹമന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തറുമായി നയതന്ത്ര ചർച്ച തുടരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാനാണ് ഖത്തർ മധ്യസ്ഥതയിൽ ചർച്ച തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസങ്ങളിലെ സൈനിക നടപടി വീണ്ടും യുദ്ധഭീതി ഉയർത്തിയ സാഹചര്യത്തിൽ, കടലിടുക്കിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഇറാൻ വ്യക്തമാക്കി.
സമാധാനക്കരാർ അട്ടിമറിക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമങ്ങളെ നയതന്ത്രപരമായി പ്രതിരോധിക്കാനാണ് ഇറാന്റെ നീക്കം. മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ 1200 കോടി ഡോളർ ഫണ്ടിൽ 600 കോടി ഡോളർ ഉടൻ വിട്ടുകിട്ടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ കപ്പൽഗതാഗതം സാധാരണനിലയിലാക്കാനുളള നീക്കത്തെ സംഘർഷം ബാധിച്ചു. ശനിയാഴ്ച 29 ഉം ഞായറാഴ്ച 12 ഉം കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നത്. കടലിടുക്കിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായും അനുവദിച്ച പാതിയിലൂടെ അല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളെ നേരിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച ‘വെടിനിർത്തൽ' കരാർ നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ സൈന്യം നരനായാട്ട് തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു കുട്ടിയടക്കം മൂന്ന് പലസ്തീൻകാരെക്കൂടി കൊലപ്പെടുത്തി.











0 comments