ഇംപീച്ച്‌മെന്റ് നീക്കവുമായി ഡെമോക്രാറ്റുകൾ
print edition ട്രംപിനെ തളയ്‌ക്കും

വാഷിങ്‌ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലെ വൻ കുതിപ്പിൽ ഇരുസഭകളിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തളയ്‌ക്കാനുള്ള നീക്കവുമായി മുന്നോട്ട്. ഏഴ് സീറ്റ് സെനറ്റിലും 31 സീറ്റ് പ്രതിനിധിസഭയിലും പിടിച്ചെടുത്തതോടെ മൂന്നാം തവണയും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് ഡെമോക്രാറ്റിക് പാർടി മുതിരുമെന്നാണ് റിപ്പോർട്ട്. രണ്ടുവർഷത്തെ ഭരണത്തിൽ ട്രംപ് എടുത്ത പ്രധാന തീരുമാനങ്ങളിൽ അന്വേഷണവുമുണ്ടായേക്കും. ഇംപീച്ച്‌മെന്റ് സാധ്യത തള്ളിക്കളയില്ലെന്ന് സ്‌പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് വ്യക്തമാക്കി. ഇറാൻ യുദ്ധത്തിന് നേതൃത്വം നൽകിയ തീവ്ര വലതുപക്ഷക്കാരനായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെയും ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നേക്കും. തിരിച്ചടിക്കുണ്ടായ കാരണങ്ങളിലൊന്ന് ഇറാൻ യുദ്ധമാണെന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സമ്മതിച്ചിരുന്നു.
സ്വകാര്യ കന്പനികൾക്ക് വൈറ്റ്‌ഹൗസിൽ മേൽക്കൈ, ട്രംപിന്റെ കുടിയേറ്റവിരുദ്ധ പദ്ധതികൾ, അനധികൃത തടവുകേന്ദ്രങ്ങൾ എന്നിവ അന്വേഷണ പരിധിയിൽ കൊണ്ടുവരാനും ഒരുക്കമുണ്ട്. ട്രംപ് പൂഴ്‌ത്തിവയ്‌ക്കാൻ ശ്രമിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകൾ പുറത്തുവിടാനും നീക്കമുണ്ട്. ട്രംപിനെ മാത്രം കേന്ദ്രീകരിക്കാതെ, പണപ്പെരുപ്പം കുറയ്‌ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള നടപടികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
എന്നാൽ, ഇംപീച്ച്‌മെന്റുകളെ തോൽപ്പിക്കാൻ തനിക്ക് പ്രത്യേക മിടുക്കുണ്ടെന്നും പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിച്ച് പ്രതിരോധിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ട്രംപിനെ തടയുന്നതിലാകും ഡെമോക്രാറ്റുകളുടെ മുൻഗണന. റിപ്പബ്ലിക്കൻ ക്യാന്പിൽനിന്ന് ഉയരുന്ന വിമർശങ്ങൾ മുതലെടുത്ത് ഭിന്നത തുറന്നുകാട്ടാനും ശ്രമമുണ്ടാകും.
ട്രംപിന്റെ കുടുംബ ബിസിനസ് ഇടപാടുകൾ, വിദേശ രാജ്യങ്ങളിലെ സാമ്പത്തിക ബന്ധം, കോർപറേറ്റ് അഴിമതി എന്നിവ അന്വേഷിക്കാനും സഭാസമിതികൾ തയ്യാറായേക്കും. അതോടൊപ്പം, ട്രംപ് കടുത്ത വിചാരണയും രാഷ്‌ട്രീയ പ്രതിസന്ധികളും നേരിടുന്നതാകും അടുത്ത രണ്ടുവർഷം.








0 comments