print edition ട്രംപിന്റെ യുദ്ധതന്ത്രങ്ങളെ വിമർശിച്ച് ഡെമോക്രാറ്റുകൾ

വാഷിങ്‌ടൺ
ഇറാൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധക്കൊതിയെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് നേതാക്കൾ. ഇത് അവസാനമില്ലാത്ത യുദ്ധമായി മാറുമെന്ന് സെനറ്റർ ക്രിസ് മർഫി മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിലെ യുഎസ് യുദ്ധത്തെക്കുറിച്ചുള്ള രഹസ്യയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നതും കോടിക്കണക്കിന് ഡോളർ ചെലവ് വരുന്ന തുറന്ന പോരാട്ടമാണിതെന്ന് മർഫി ആശങ്ക രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ പദ്ധതികളിൽ തനിക്ക് ആത്മവിശ്വാസമൊന്നും തോന്നുന്നില്ലെന്ന് സെനറ്റർ മാർട്ടിൻ ഹെൻറിച്ച് പറഞ്ഞു.
യുദ്ധം എന്നത്തേക്ക് അവസാനിക്കുമെന്ന് വ്യക്തമായ സമയക്രമം ഭരണകൂടം നൽകിയിട്ടില്ലെന്നും ഇറാനിലേക്ക് യുഎസ് സൈന്യത്തെ നേരിട്ട് അയക്കുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും ഇരു പാർടികളിലെയും സെനറ്റർമാർ യോഗത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യോമാക്രമണം ആരംഭിച്ച വിദേശ സെക്രട്ടറി മാർക്കോ റൂബിയോയുടെ തീരുമാനത്തെ സെനറ്റർ ടിം കെയ്ൻ വിമര്‍ശിച്ചു. ഇറാനിൽ നിന്ന് പെട്ടെന്നുള്ള ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഭരണകൂടം ആഭ്യന്തര പദ്ധതികൾ വെട്ടിക്കുറച്ച് വിദേശ യുദ്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും മറ്റ് ഡെമോക്രാറ്റുകൾ വിമർശിച്ചു. ആണവചർച്ച നടന്ന രീതി വെച്ച് നോക്കിയാൽ ഇറാൻ ആദ്യം ആക്രമിക്കുമെന്ന് താൻ കരുതിയെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു.










0 comments