print edition യുഎസ് ഉപരോധത്തെ അതിജീവിക്കൽ: ക്യൂബയിൽ പരിഷ്കരണ പാക്കേജിന് അംഗീകാരം

മിഗ്വൽ ദിയാസ് കാനൽ
ഹവാന: അമേരിക്ക അടിച്ചേൽപ്പിച്ച ക്രൂരവും ഏകപക്ഷീയവുമായ ഉപരോധങ്ങളെ പ്രതിരോധിച്ച് വിപ്ലവനേട്ടങ്ങൾ സംരക്ഷിക്കാൻ ചരിത്രപരമായ പരിഷ്കരണ പാക്കേജിന് ക്യൂബൻ ദേശീയ അസംബ്ലിയുടെ അംഗീകാരം. സോഷ്യലിസ്റ്റ് അടിത്തറ കൂടുതൽ ശക്തമാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമായി 176 പരിഷ്‌കാരങ്ങൾ അടങ്ങിയ പാക്കേജാണ് സഭ ഐകകണ്ഠേന പാസാക്കിയത്.
സബ്സിഡികളുടെയും സാമൂഹ്യക്ഷേമപദ്ധതികളുടെയും കാര്യക്ഷമമായ പുനഃക്രമീകരണം, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകൽ, ബാങ്കിങ് സംവിധാനത്തിന്റെ ആധുനികവൽക്കരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. സാമ്രാജ്യത്വ ഉപരോധം കാരണം ജനജീവിതം ദുസ്സഹമാകുമ്പോൾ, പ്രതിസന്ധികളെ വെറുതെ വിവരിക്കുകയല്ല, മറികടക്കാൻ ആവശ്യമായ മാറ്റങ്ങൾ സജീവമായി നടപ്പിലാക്കുകയാണ് കമ്യൂണിസ്റ്റ് പാർടിയുടെയും വിപ്ലവ സർക്കാരിന്റെയും ചുമതലയെന്ന് പ്രസിഡന്റ് മിഗ്വൽ ദിയാസ് കാനൽ പ്രഖ്യാപിച്ചു. സാമ്പത്തിക നവീകരണം സോഷ്യലിസ്റ്റ് പാതയിൽനിന്നുള്ള വ്യതിചലനമല്ലെന്ന് പ്രധാനമന്ത്രി മാനുവൽ മറേറോ പറഞ്ഞു.










0 comments