ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 450 കടന്നു

കൊളംബോ : ദിത്വ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ മരണസംഖ്യ ഉയരുന്നു. 465 പേർ മരിച്ചതായാണ് കണക്കുകൾ. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിലും ശ്രീലങ്കയിൽ പലയിടങ്ങളിലും മഴ വ്യാപകമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
ദുരന്തനിവാരണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ, നവംബർ 16 മുതൽ ഉണ്ടായ അതിശക്തമായ കാലാവസ്ഥ മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 465 പേർ കൊല്ലപ്പെട്ടതായും 366 പേരെ കാണാതായതായും പറയുന്നു. കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കാലാവസ്ഥാ ബുള്ളറ്റിനിൽ വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ വർധിക്കുമെന്നും വ്യക്തമാക്കി.
പലയിടത്തും റോഡുകൾ ഒലിച്ചുപോയതും അസ്ഥിര കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. 108 റോഡുകൾ പൂർണമായും തകർന്നതായി റോഡ് ഡവലപ്‌മെന്റ് അതോറിട്ടി അറിയിച്ചു. ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. നവംബർ 28 മുതൽ സഹായവുമായി ഇന്ത്യ ഓപ്പറേഷൻ സാഗർ ബന്ധു ആരംഭിച്ചു. സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെ ശ്രീലങ്കയിലേക്ക് അയച്ചിരുന്നു. കൊളംബോയിൽ കുടുങ്ങിയ 237 ഇന്ത്യക്കാരെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു.








0 comments