വെടിനിര്‍ത്തലിന് പിന്നാലെ ആക്രമണം, ലെബനനിൽ നാല് ആരോഗ്യ പ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇസ്രയേൽ

picture courtesy- Hassan Ammar AP
നബാത്തിയ: ലബനനിലെ ആരോഗ്യ മേഖലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. തെക്കൻ ലബനനിലെ മെയ്‌ഫദൂൻ ഗ്രാമത്തിന് സമീപം ബുധനാഴ്ച രക്ഷാപ്രവർത്തനത്തിന് എത്തിയ ആംബുലൻസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ നാല് പാരാമെഡിക്കുകൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് തൊട്ടാണ് മൂന്ന് തുടർച്ചയായ ആക്രമണം.
ആദ്യം രണ്ട് ആംബുലൻസുകൾ ആക്രമിച്ച് തകര്‍ത്തു. ഇതിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയ മൂന്നാമത്തെ സംഘത്തിന് നേരെ ഡ്രോൺ ആക്രമണവും അഴിച്ചു വിട്ടു. ഇസ്‌ലാമിക് ഹെൽത്ത് കമ്മിറ്റി, റിസാല സ്കൗട്ട് അസോസിയേഷൻ എന്നിവയുടെ ആംബുലൻസുകൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിൽ പരിക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ എത്തിയ നബാത്തിയ എമർജൻസി ടീമിന് നേരെ ആറ് മിനിറ്റിനുള്ളിൽ അടുത്ത മിസൈൽ പതിച്ചു.
യുദ്ധക്കുറ്റമെന്ന് ഐക്യരാഷ്ട്രസഭ
രക്ഷാപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും മനഃപൂർവ്വം ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് (War Crime) ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തകർക്ക് നേരെയുണ്ടായ ഈ ആക്രമണത്തിൽ യുഎൻ ഞെട്ടൽ രേഖപ്പെടുത്തി.
ഇസ്രായേൽ നേരത്തെ ഉന്നയിച്ചിരുന്ന ആരോപണമായ 'ഹിസ്ബുള്ള ആശുപത്രികളെ മറയാക്കുന്നു' എന്നത് ഈ സംഭവത്തിൽ ആവർത്തിച്ചിട്ടില്ല. പകരം, "സംഭവം പരിശോധിച്ചുവരികയാണ്" എന്ന മറുപടിയാണ് ഇസ്രായേൽ സൈന്യം നൽകിയത്.
കൊല്ലപ്പെട്ടത് 100 ൽ അധികം
ആരോഗ്യ പ്രവര്‍ത്തകര്‍
ഈ യുദ്ധം തുടങ്ങിയ ശേഷം ലബനനിൽ ചുരുങ്ങിയത് 100 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ആക്രമണം ഭയന്ന് 59 ഓളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നിലവിൽ അടച്ചുപൂട്ടിയിരിക്കുകയാണ്.
ഞങ്ങൾ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു നിഷ്പക്ഷ സംഘടനയാണ്. അതുകൊണ്ട് ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. പക്ഷേ ഈ യുദ്ധം മറ്റെല്ലാ യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമാണ്."നബാത്തിയ എമർജൻസി സർവീസസ് ചീഫ് പാരാമെഡിക് മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ 16 വയസ്സുകാരനായ മകനും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വെടിനിർത്തൽ നിലവിൽ വന്ന വെള്ളിയാഴ്ച തകർക്കപ്പെട്ട ആംബുലൻസുകൾ നബാത്തിയയിലെ പൊതുചത്വരത്തിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ തൊഴിലിനോട് ഈ യുദ്ധം ചെയ്ത ക്രൂരതയ്ക്ക് ഈ വാഹനം ഒരു 'സാക്ഷി'യായി നിൽക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.










0 comments