ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം; വിദ്യാർഥികൾ പ്രതിസന്ധിയിൽ

പ്രതീകാത്മക ചിത്രം (Photo:BBC)
വാഷിംഗ്ടൺ : അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്‌കൂളുകളെയും സർവകലാശാലകളെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. പ്രമുഖ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറായ 'കാൻവാസ്' ഹാക്ക് ചെയ്യപ്പെട്ടതോടെ ഒൻപതിനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. സെമസ്റ്റർ പരീക്ഷകളും അവസാന ഘട്ട മൂല്യനിർണയങ്ങളും നടക്കുന്ന സമയത്തുണ്ടായ ഈ ആക്രമണം ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് ബാധിച്ചിരിക്കുന്നത്.
'ഷൈനി ഹണ്ടേഴ്‌സ്'എന്ന ഹാക്കിങ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ. കാൻവാസിന്റെ മാതൃകമ്പനിയായ 'ഇൻസ്ട്രക്ചർ' ഹാക്ക് ചെയ്തതായും ബിറ്റ്കോയിൻ രൂപത്തിൽ മോചനദ്രവ്യം നൽകിയില്ലെങ്കിൽ വിദ്യാർഥികളെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഹാക്കർമാർ ഭീഷണിപ്പെടുത്തി. പരീക്ഷ എഴുതിക്കൊണ്ടിരുന്ന പല വിദ്യാർത്ഥികളുടെയും കമ്പ്യൂട്ടർ സ്ക്രീനുകളിൽ പെട്ടെന്ന് ഹാക്കർമാരുടെ സന്ദേശം പ്രത്യക്ഷപ്പെട്ടത് വലിയ പരിഭ്രാന്തി പരത്തി.
ആക്രമണത്തെ തുടർന്ന് മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇഡാഹോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയവ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്സിറ്റി, കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി, യുസിഎൽഎ എന്നീ ലോകപ്രശസ്തമായ ഒട്ടേറെ സ്ഥാപനങ്ങൾ നിലവിൽ പ്രതിസന്ധിയിലാണ്. സോഫ്റ്റ്‌വെയർ ഭാഗികമായി പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സാങ്കേതിക തടസ്സങ്ങൾ തുടരുകയാണ്. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സർവകലാശാലകൾ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി.










0 comments