print edition വിമാനത്തിലെ ചോരക്കളി; സഹപൈലറ്റ് വെട്ടിയത് കോക്പിറ്റിലെ കോടാലികൊണ്ട്

യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ സ്നേഹചുംബനം നൽകുന്നു
ദുബായ്/ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റനെ ആക്രമിക്കാന്‍ കോ-പൈലറ്റ് ഉപയോഗിച്ചത് കോക്പിറ്റിൽ അടിയന്തര സാഹചര്യങ്ങൾക്കായി സൂക്ഷിക്കുന്ന കോടാലിയാണെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ-ഷംസി സ്ഥിരീകരിച്ചു. നടന്നത് വ്യക്തമായ 'ഭീകരാക്രമണ' ശ്രമമാണെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്‌ചെയ്‌തു.
വെട്ടേറ്റ് ചോരയിൽ കുളിച്ച് കോക്പിറ്റിന്റെ തറയിൽ കിടക്കുമ്പോഴാണ് വിമാനം കുത്തനെ താഴേക്ക് പതിക്കുകയാണെന്ന് ക്യാപ്റ്റൻ സ്മിത് മച്ഛാർ തിരിച്ചറിഞ്ഞത്. ‘ഇത് അവസാനത്തെ ശ്രമമായിരിക്കുമെന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ കഠിനമായ വേദനയിലും ഉള്ളിൽനിന്ന് കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു‘– - ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ മച്ഛാർ മാധ്യമങ്ങളോട് പറഞ്ഞു. വാതിൽ തുറന്നതോടെ പാഞ്ഞെത്തിയ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയായ കോ-പൈലറ്റിനെ സാഹസികമായി കീഴടക്കി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് റിസർവ് പൈലറ്റുമാർ 170-ലധികം യാത്രക്കാരുമായി വിമാനം സൗദിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. വിമാനം 33,000 അടിയിൽ നിന്ന് 17,000 അടിയിലേക്ക് കുത്തനെ താഴ്-ന്ന ശേഷമാണ് ദുരന്തത്തിൽനിന്ന് രക്ഷപെട്ടത്.
അക്രമിയായ കോ-പൈലറ്റ് ഒമാൻ പൗരനായ ഹമാം അൽ-ഹമാമി ആണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ഇയാൾ മുമ്പ് ‘ഒമാൻ എയർ' കമ്പനിയിൽ ജോലിചെയ്യുന്ന സമയത്ത് തീവ്രവാദ ആശയങ്ങൾ പുലർത്തിയതിന്റെ പേരിൽ പരിശീലനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും യുഎഇയും സൗദിയും സംയുക്തമായി അന്വേഷണം തുടരുകയാണ്.
ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള യാത്രാമധ്യേ കോ-പൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് വൻദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടിയന്തര ഘട്ടത്തിൽ അദ്ദേഹം കാണിച്ച അസാധാരണ ധീരതയും സമയോചിത ഇടപെടലുമാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് കിരീടാവകാശി പറഞ്ഞു.









0 comments