ഇഡി വേട്ട അപലപനീയമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി; 'ജനകീയ പ്രസ്ഥാനങ്ങളെ നിയമസംവിധാനങ്ങളെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് അന്താരാഷ്ട്ര പ്രതിഭാസം'

ലണ്ടൻ: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെ കേന്ദ്രഏജൻസികളെ ദുരുപയോഗിച്ച് കേന്ദ്രസർക്കാർ നടത്തിയ നീക്കത്തെ ശക്തമായി അപലപിച്ച് കമ്യൂണിസ്റ്റ് പാർടി ഓഫ് ബ്രിട്ടൻ. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ കേന്ദ്രഏജൻസികൾ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. ഇതിനെ തുടർന്ന് ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയും അപലപനീയമാണെന്ന് പാർടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വളർന്നുവരുന്ന ജനകീയ പ്രസ്ഥാനങ്ങൾക്കെതിരെ വലതുപക്ഷ- യാഥാസ്ഥിതിക സർക്കാരുകൾ നിയമസംവിധാനങ്ങളെയും പൊലീസ് അടിച്ചമർത്തലുകളെയും ആയുധമാക്കുകയാണ്. ചെക് റിപ്പബ്ലിക്, ജോർദാൻ, കെനിയ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽവരെ ഈ നീക്കം ഒരു അന്താരാഷ്ട്ര പ്രതിഭാസമായി മാറിയിരിക്കുകയാണ്.
സംഘടന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, കമ്യൂണിസ്റ്റുകാർക്ക് സംഘടിക്കാനുള്ള അവകാശങ്ങൾ എന്നിവയ്ക്ക് നേരെ ഇന്ത്യൻ ഭരണകൂടത്തിന്റെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഏജൻസികൾ നടത്തുന്ന അടിച്ചമർത്തലുകൾക്കും ആക്രമണങ്ങൾക്കുമെതിരെ പോരാടുന്ന സഹോദര പാർടിയായ സിപിഐ എമ്മിനും ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നൂറു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ വലിയ തോതിലുള്ള അടിച്ചമർത്തലുകളാണ് നേരിട്ടത്. ഇന്ന്, മോദി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ സിപിഐ എം ഇന്ത്യയിലെ തൊഴിലാളികൾക്കും കർഷകർക്കുമൊപ്പം നിലകൊള്ളുന്നു. തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനും വ്യാപിപ്പിക്കാനുമുള്ള ഈ പോരാട്ടം ദീർഘമേറിയതായിരിക്കും. എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ മുന്നേറ്റത്തിന്റെ വഴി എന്നും തടസ്സമില്ലാതെ തുടരുക തന്നെ ചെയ്യും.- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ ജനറൽ സെക്രട്ടറി അലക്സ് ഗോർഡനും ഇന്റർനാഷണൽ സെക്രട്ടറി കെവൻ നെൽസണും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.










0 comments