കൊളംബിയയിലെ ഭൂകമ്പം; മരണം 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ 7.4 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിൽ മരണം 111 ആയി. 87 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു.
ചോക്കോ മേഖലയിലെ സാൻ ഹോസെ ഡെൽ പാൽമർ മുനിസിപ്പാലിറ്റിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 107 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂചലനം പെരെയ്‌റ, കാളി, മനിസാലസ്, ക്വിബ്ദോ തുടങ്ങിയ നഗരങ്ങളിൽ ശക്തമായി അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിട്ടുണ്ട്.
പെരെയ്‌റയിൽ വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നുവീഴുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മനിസാലസ്, ക്വിബ്ദോ, അർമേനിയ, കാർട്ടാഗോ, ബുവെനവെഞ്ചുറ എന്നിവിടങ്ങളിലെ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ഭൂകമ്പത്തിന് പിന്നാലെ 2.8, 4.8 തീവ്രതയുള്ള ആഫ്റ്റർഷോക്കുകളും ഉണ്ടായി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയെയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കുന്നതിനാണ് നടപടി. ചോക്കോ മേഖലയുടെ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളായതിനാൽ പല സ്ഥലങ്ങളിലേക്കും ബോട്ടിലൂടെയോ വിമാനത്തിലൂടെയോ മാത്രമേ എത്താനാകൂ. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
തലസ്ഥാനമായ ബൊഗോട്ടയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ ചില വിള്ളലുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഗുരുതരമായ ഘടനാപരമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് മേയർ കാർലോസ് ഫെർണാണ്ടോ ഗാലൻ അറിയിച്ചു.
കൊളംബിയയ്ക്ക് സഹായം നൽകാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും സന്നദ്ധത അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി യൂറോപ്യൻ യൂണിയൻ കോപ്പർനിക്കസ് ഉപഗ്രഹ സേവനം വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.









0 comments