ad
Deshabhimani

print edition യുഎസ്‌ ഉപരോധം ഇറാനെ ഉടൻ
ബാധിക്കില്ലെന്ന്‌ സിഐഎ റിപ്പോർട്ട്‌

Donald Trump
വെബ് ഡെസ്ക്

Published on May 10, 2026, 12:25 AM | 1 min read

വാഷിങ്‌ടൺ: തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിലൂടെ അമേരിക്ക സൃഷ്‌ടിക്കുന്ന സാമ്പത്തിക സമ്മർദം നാല് മാസത്തോളം ഇറാനെ ബാധിക്കില്ലെന്ന്‌ യുഎസ്‌ ചാരസംഘടനയായ സിഐഎയുടെ വിലയിരുത്തൽ. ഇറാനെതിരെയുള്ള അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾ നിലവിൽ പരിമിതമാണെന്ന്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


അതേസമയം, ഒരു മാസമായി നിലനിന്നിരുന്ന വെടിനിർത്തൽ കരാറിനുശേഷം ഹോർമുസ് കടലിടുക്കിൽ സമീപദിവസങ്ങളിൽ വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങളുണ്ടായി. വെള്ളിയാഴ്ച യുഎഇക്ക്‌ നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാൻ പ്രധാനമായും ആക്രമണം നടത്തുന്നത്. ഇറാന്റെ കപ്പലുകൾക്ക് നേരെ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിയുതിർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.


യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നിർദ്ദേശത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യുഎസ്‌ വിദേശ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്ക സൈനിക സാഹസികതയ്ക്ക് മുതിരുകയാണെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഇതിനിടെ ഇറാൻ ബന്ധത്തിന്റെ പേരിൽ 10 കമ്പനികൾക്കും വ്യക്തികൾക്കുംമേൽ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home