print edition സിപിസി പ്ലീനത്തിന് തുടക്കം

ബീജിങ് : സാമ്രാജ്യത്വവിരുദ്ധ ലോകക്രമത്തിനും ബദൽ മുന്നേറ്റങ്ങൾക്കും ഉൗർജം പകര്‍ന്നുകൊണ്ട് ചൈനീസ് കമ്യൂണിസ്‌റ്റ് പാർടി ഇരുപതാം കേന്ദ്രകമ്മിറ്റിയുടെ നാലാം പ്ലീനത്തിന് തുടക്കമായി. ലോകത്തെ വ്യാപാരയുദ്ധത്തിലേക്ക് നയിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നയങ്ങൾക്കും ഭീഷണിക്കുമെതിരെ ശക്തമായി പ്രതികരിച്ച് മുന്നേറുന്ന ചൈനയുടെ വികസനക്കുതിപ്പിന് വഴികാട്ടുന്ന നിർണായക ചർച്ചകളാണ് നാലുദിവസത്തെ പ്ലീനത്തിൽ നടക്കുക. 2026–2031 കാലത്തേക്കുള്ള പതിനഞ്ചാം പഞ്ചവത്സര വികസനപദ്ധതിക്ക് അന്തിമരൂപം നൽകും.
370 അംഗങ്ങൾ ഉൾപ്പെടുന്ന സിപിസി കേന്ദ്രകമ്മിറ്റിയുടെ പ്ലീനറി സെഷനിൽ തിങ്കളാഴ്ച ചർച്ചകൾ ആരംഭിച്ചതായി ഔദ്യോഗിക വാർത്താഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. സിപിസി ജനറൽ സെക്രട്ടറികൂടിയായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ദേശീയ സാമ്പത്തിക–സാമൂഹിക വികസനത്തിനായുള്ള 15–-ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനായുള്ള കരട് നിർദ്ദേശങ്ങൾ വിശദീകരിച്ച് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്ലീനറി യോഗത്തിനുമുമ്പ് പ്രസിഡന്റ് ഷി ജിൻപിങ് സൈന്യത്തിലെ അഴിമതിവിരുദ്ധ നടപടികൾ ശക്തമാക്കിയിരുന്നു. രണ്ടു ഉന്നത ജനറൽമാരെയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും പുറത്താക്കി. പാർടിയിൽനിന്നും സൈന്യത്തിൽനിന്നും ഇവരെപുറത്താക്കി. 12 വർഷമായി അധികാരത്തിലുള്ള ഷി അഴിമതിക്കും അച്ചടക്കമില്ലായ്മയ്ക്കുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്.
നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എൻബിഎസ്) തിങ്കളാഴ്ച പുറത്തുവിട്ട ഒൗദ്യോഗികവിവരങ്ങൾ പ്രകാരം, ചൈനയുടെ സമ്പദ്‌വ്യവസ്ഥ 4.80 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ പാദത്തിലെ 5.2 ശതമാനം വളർച്ചാനിരക്കിനെ അപേക്ഷിച്ച് ഈവർഷത്തെ കുറഞ്ഞ നിരക്കാണിത്. എന്നാൽ, ട്രംപ് ആരംഭിച്ച തീരുവയുദ്ധത്തെത്തുടർന്നുള്ള വ്യാപാരസംഘർഷത്തിന്റെ പശ്‌ചാത്തലത്തിലും അഞ്ച് ശതമാനം ജിഡിപിക്ക് അടുത്തെത്താൻ കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു.
ട്രംപിന്റെ തീരുവഭീഷണിയോടെ അമേരിക്കയുമായി വ്യാപാരയുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഗ്ലോബൽസൗത്തിൽ ചൈനയുടെ സ്വാധീനത്തെ വെല്ലുവിളിക്കുന്ന തരത്തിൽ, അമേരിക്കയുടെ ഇടപെടൽ വികസിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്കെതിരായ തന്ത്രപരമായ നടപടികൾ യോഗം തീരുമാനിക്കും.











0 comments