ടിബറ്റിൽ വീണ്ടും വെള്ളപ്പൊക്ക സാധ്യത; രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി ചൈന

ബെയ്‌ജിങ്: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടുപോയവർക്കായുള്ള രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി ചൈന. ടിബറ്റ് മേഖലയിൽ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചത്. രക്ഷാദൗത്യ സേനകളുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം.
പ്രളയത്തെത്തുടർന്ന് ചെളിയും മണ്ണും പാറകളും അടിഞ്ഞുകൂടിയുണ്ടായ മൺതിട്ട രക്ഷപ്രവർത്തകർ വിന്യസിച്ചിരിക്കുന്നത് പ്രദേശത്തേക്ക് കവിഞ്ഞൊഴുകാൻ തുടങ്ങിയതായി ശ്രദ്ധയിൽപെട്ടതോടെയാണ് അവരോട് സ്ഥലത്ത് നിന്ന് മാറാൻ നിർദേശിച്ചത്.
നേരത്തെ രക്ഷാദൗത്യം നടത്തുന്ന സംഘത്തിനോട് പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ മാറാനാണ് നിർദേശം. എന്നാൽ പരിസരത്ത് തന്നെ തുടരാനും ഒരാവശ്യം വന്നാൽ ഇടപെടാനും നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ നദിയിൽ ഇനിയും ജലനിരപ്പ് ഉയരാനും സെപ്റ്റംബർ ഒന്നോടെ പൂർണമായും നിറഞ്ഞുകവിയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
ഇത് വെള്ളവും ചെളിയും താഴേക്ക് കുത്തിയൊഴുകാനും ഗിറോങ് തുറമുഖം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുമുള്ള സാധ്യത വര്ധിപ്പിക്കുന്നുണ്ട്. വരുന്ന രണ്ട് ദിവസങ്ങൾ നേപ്പാളിനെ സംബന്ധിച്ച് നിർണായകമാണെന്നും ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.










0 comments