Deshabhimani

print edition ചൈന, റഷ്യ, യുഎസ്‌ ഉച്ചകോടി: യൂറോപ്പിന് ആശങ്ക

China-Russia-US Summit Raises
വെബ് ഡെസ്ക്

Published on Nov 21, 2026, 12:50 AM | 1 min read

ബീജിങ്‌: ചൈനയിലെ ഷെൻഷെനിൽ ഏഷ്യ–പസിഫിക്‌ സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെ നടന്ന ചൈന, റഷ്യ, യുഎസ്‌ ത്രികക്ഷി ഉച്ചകോടിയോടെ അന്താരാഷ്‌ട്ര തലത്തിൽ അധികാര സന്തുലിതാവസ്ഥയിൽ മാറ്റംവരുത്തുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങിനെയും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനെയും സുഹൃത്തുക്കൾ എന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അഭിസംബോധന ചെയ്തതും സമാധാനശ്രമങ്ങൾക്കായി ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാമെന്ന്‌ പറഞ്ഞതും ബഹുധ്രുവ ലോകത്തേക്കുള്ള മാറ്റം അമേരിക്കയും അംഗീകരിച്ചതിന്റെ തെളിവാണെന്നാണ്‌ നിരീക്ഷകർ പറയുന്നത്‌. ത്രികക്ഷി ഉച്ചകോടിയോട് പാശ്ചാത്യരാജ്യങ്ങൾ ആശങ്കയോടെയാണ് പ്രതികരിക്കുന്നത്.


പാശ്ചാത്യ രാജ്യങ്ങളുടെ മേൽക്കോയ്മ അവസാനിപ്പിക്കാനും കിഴക്കൻ രാജ്യങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ വൻ ശക്തിയായി മാറാനും വഴിയൊരുക്കുന്നതാണ്‌ ചൈനയുടെ നേതൃത്വത്തിൽ നടന്ന ത്രികക്ഷി ഉച്ചകോടി. ലോകത്തിലെ വലിയ മൂന്ന്‌ ആണവരാഷ്‌ട്രങ്ങൾ ഒരുമിച്ചിരുന്ന്‌ സംസാരിക്കാൻ സാഹചര്യമൊരുക്കിയത്‌ ചൈനയ്ക്ക്‌ ആഗോള തലത്തിൽ അംഗീകാരമായി. ചർച്ചയിൽ പ്രസക്തമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിലും ആഗോള നയതന്ത്രത്തിൽ ചൈനയ്ക്ക്‌ ശക്തമായ മേൽക്കൈ ഉണ്ടെന്ന സന്ദേശമാണ്‌ ഉച്ചകോടി മുന്നോട്ടുവയ്ക്കുന്നത്‌.


അതേസമയം, ത്രികക്ഷി ഉച്ചകോടി നടന്ന അതേ ദിവസം ബെർലിനിൽ ഒത്തുചേർന്ന യൂറോപ്യൻ നേതാക്കൾ ട്രംപിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ട്രംപ് പുടിനെ ‘സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചതിനെ പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് രൂക്ഷമായി വിമർശിച്ചു. ഉക്രയ്ൻ അധിനിവേശത്തിന്റെ പേരിൽ ഒറ്റപ്പെട്ട പുടിനൊപ്പം അമേരിക്കൻ പ്രസിഡന്റ് വേദി പങ്കിടുന്നത് മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ പ്രതികരിച്ചു. തങ്ങളുടെ താൽപ്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ യൂറോപ്പിനെ ഒഴിവാക്കി വൻശക്തികൾ തീരുമാനമെടുക്കുമോ എന്ന ആശങ്ക വിവിധ നേതാക്കൾ പങ്കുവച്ചു.


അന്താരാഷ്ട്ര ക്രിമിനൽ കോടതി വിരുദ്ധ നിലപാട് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ അന്താരാഷ്ട്ര നിയമങ്ങളെ ദുർബലപ്പെടുത്തുമെന്ന് പാശ്ചാത്യ നിരീക്ഷകർ കുറ്റപ്പെടുത്തുന്നു. എണ്ണ ഉൽപ്പാദനവും വിതരണവും വർധിപ്പിക്കാനുള്ള തീരുമാനം റഷ്യൻ എണ്ണയ്ക്ക് മേൽ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളെ ദുർബലപ്പെടുത്തുമോ എന്ന ആശങ്കയുമുണ്ട്‌. ആണവായുധ നിയന്ത്രണം പോലുള്ള വിഷയങ്ങളിലെ ചർച്ചകളെ നാറ്റോ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, സഖ്യകക്ഷികളെ അവഗണിച്ച് വൻശക്തികൾ ലോകത്തെ പങ്കിട്ടെടുക്കാൻ ശ്രമിക്കുകയാണോ എന്ന കടുത്ത ആശങ്കയിലാണ് യൂറോപ്യൻ രാജ്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home