ad
Deshabhimani

പല്ലുവേദനയ്ക്ക് ചികിത്സ തേടിയ വയോധികന്റെ മുഴുവൻ പല്ലുകൾ പറിച്ചുമാറ്റി ക്ലിനിക്കിന്റെ തട്ടിപ്പ്; സംഭവം ചൈനയിൽ

dental clinic fraud

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 02:58 PM | 1 min read

ഷാൻസി: പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63-കാരന്റെ മുഴുവൻ പല്ലുകളും പറിച്ചുമാറ്റി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത ദന്തൽ ക്ലിനിക്കിനെതിരെ നടപടി. ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സംഭവം. ദാതുവാന്യുവാൻ ഡെന്റൽ ക്ലിനിക്കിനെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.


"രാവിലെ ഇംപ്ലാന്റ് ചെയ്യൂ, ഉച്ചയ്ക്ക് മാംസം കഴിക്കൂ", "പൂർണ്ണമായ പല്ലുകളുമായി നൂറു വയസ്സുവരെ ജീവിക്കൂ" തുടങ്ങിയ ആകർഷകമായ പരസ്യങ്ങൾ കണ്ടാണ് ലി എന്ന വയോധികൻ ക്ലിനിക്കിലെത്തിയത്.


സൗജന്യ പരിശോധന വാഗ്ദാനം ചെയ്ത് ക്ലിനിക് അധികൃതർ അദ്ദേഹത്തെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പരിശോധനയ്ക്കിടെ 12 പല്ലുകൾ പറിച്ചുമാറ്റുകയും 10 ഇംപ്ലാന്റുകൾ ഘടിപ്പിക്കുകയും ചെയ്തു.


ഇതിനായി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഡിജിറ്റൽ വാലറ്റുകളിൽ നിന്നും ഏകദേശം 2.6 ലക്ഷം രൂപ (18,800 യുവാൻ) ക്ലിനിക് അധികൃതർ തട്ടിയെടുത്തു. 87,000 രൂപയുടെ (6,200 യുവാൻ) ബിൽ ഇനിയും അടയ്ക്കാനുമുണ്ടെന്നും ക്ലിനിക് അധികൃതർ വാശിപിടിച്ചു.


ആരോഗ്യനില അവഗണിച്ച് ചികിത്സ


ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ അസുഖങ്ങളുള്ള വ്യക്തിയാണ് ലി. നാല് കൊറോണറി സ്റ്റെന്റുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ട്. ഇത്തരം രോഗികൾ പല്ല് പറിക്കുന്നതുപോലുള്ള ശസ്ത്രക്രിയകൾക്ക് വിധേയരാകുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നിരിക്കെയാണ് ക്ലിനിക്ക് അതിക്രമം നടത്തിയത്.


മകൻ എത്തുമ്പോൾ വായ നിറയെ രക്തവുമായാണ് ലിയെ കണ്ടെത്തിയത്. വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കായി വെറും 30 യുവാൻ മാത്രമാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്.


ക്ലിനിക്കിനെതിരെ നടപടി


ലി നൽകിയ പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തി. ചികിത്സാ രേഖകളിൽ തിരിമറി നടത്തിയതും, ലി എന്ന പുരുഷന്റെ രേഖകളിൽ ലിംഗം "സ്ത്രീ" എന്ന് രേഖപ്പെടുത്തിയതും പരാതിയിൽ ഉയർന്നിരുന്നു.


ഒടുവിൽ അധികൃതർ ഇടപെട്ട് ചികിത്സാ തുക തിരികെ നൽകാൻ ക്ലിനിക്കിനോട് നിർദ്ദേശിക്കുകയും, ക്ലിനിക്ക് പൂട്ടിക്കുകയും ചെയ്തു. ഇത്തരത്തിൽ സുരക്ഷാ മുൻകരുതലുകളില്ലാതെ അമിതമായി പല്ലുകൾ പറിച്ചുമാറ്റുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home