ad
Deshabhimani

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി

അമേരിക്കൻ ഉപരോധം അംഗീകരിക്കില്ല; നിലപാടിലുറച്ച് ചൈന

US-China

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 02, 2026, 09:57 PM | 2 min read

ബെയ്ജിങ് : ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് അഞ്ച് കമ്പനികൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അംഗീകരിക്കില്ലെന്ന് ചൈന. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 


ഇറാനിൽ നിന്നുള്ള എണ്ണയുടെ പ്രധാന ഉപഭോക്താവാണ് ചൈന. ഇറാനിൽ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിച്ച് പ്രവർത്തിക്കുന്നവയാണ് ചൈനയിലെ സ്വതന്ത്ര ടീപോട്ട് റിഫൈനറികൾ. ഇറാന്റെ വരുമാന മാർ​ഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇത്തരം ഉപരോധം ശക്തമാക്കുന്നത്. കഴിഞ്ഞ വർഷം മുതൽ വിവിധ ഘട്ടങ്ങളിലായി അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തി വരികയാണ്. 


ഇത് സംബന്ധിച്ച ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ അമേരിക്കൻ നടപടികൾ "അംഗീകരിക്കുകയോ നടപ്പിലാക്കുകയോ പാലിക്കുകയോ ചെയ്യില്ല" എന്ന് വ്യക്തമാക്കിയിട്ടുണ്ട്.


"ഈ ഉപരോധങ്ങൾ ചൈനീസ് സംരംഭങ്ങളെ മറ്റു രാജ്യങ്ങളുമായി സാധാരണ സാമ്പത്തിക - വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് അനാവശ്യമായി തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളുടെയും ലംഘനമാണ്," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


യുഎൻ അംഗീകാരമില്ലാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനമില്ലാത്തതുമായ ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈനീസ് സർക്കാർ എപ്പോഴും എതിർക്കുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.


ഷാൻഡോംഗ് പ്രവിശ്യയിലെ മൂന്ന് കമ്പനികൾക്കും—ഷാൻഡോംഗ് ജിൻചെങ് പെട്രോകെമിക്കൽ ഗ്രൂപ്പ്, ഷാൻഡോംഗ് ഷൗഗുവാങ് ലുക്കിംഗ് പെട്രോകെമിക്കൽ, ഷാൻഡോംഗ് ഷെങ്‌സിംഗ് കെമിക്കൽ—മറ്റ് ഭാഗങ്ങളിലായുള്ള ഹെംഗ്ലി പെട്രോകെമിക്കൽ (ഡാലിയൻ) റിഫൈനറി, ഹെബെയ് സിൻഹായ് കെമിക്കൽ ഗ്രൂപ്പ് എന്നീ രണ്ട് കമ്പനികൾക്കുമാണ് ഈ ഇളവ് ബാധകമാകുന്നത്.


ഇറാനിൽ നിന്ന് കോടിക്കണക്കിന് ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തതിലൂടെ വൻതോതിൽ വരുമാനം എത്തിച്ചു എന്നാരോപിച്ച് മെയ് 1ന് വെള്ളിയാഴ്ച മറ്റൊരു ചൈനീസ് കമ്പനിക്ക് നേരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനിയെ വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിൽ പരാമർശിച്ചിട്ടില്ല.


ഫെബ്രുവരി അവസാനത്തോടെയാണ് ഇറാന് നേരെ യുഎസ് - ഇസ്രയേൽ സഖ്യം ആക്രമണം ആരംഭിച്ചത്. ഇതേ തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിന് നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ ഉപരോധം. ഈ മാസാവസാനം ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home