ചൈനയിൽ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ

ബെയ്ജിംഗ്:കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള പ്രോത്സാഹന നടപടികൾ ഊര്‍ജിതമായി തുടരുമ്പോഴും ചൈനയിലെ ജനസംഖ്യ താഴേക്ക്.തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ തുടർച്ചയായ നാലാം വർഷവും കുറഞ്ഞതായി രേഖപ്പെടുത്തി.
2025-ൽ ചൈനയുടെ ആകെ ജനസംഖ്യ 1.404ബില്യൺ എന്ന നിലയിലേക്ക് താഴ്ന്നതായി കണക്കുകൾ പറയുന്നു.മുൻവർഷത്തേക്കാൾ ഏകദേശം 30ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 1949-ന് ശേഷം രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന ജനനനിരക്കാണ് ഇത്.
2023-ൽ ഇന്ത്യയ്ക്ക് താഴെയായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലയിലേക്ക് ചൈന മാറിയിരുന്നു.ദശാബ്ദങ്ങളോളം തുടര്‍ന്നു വന്ന ഒറ്റക്കുട്ടി നയം പിൻവലിച്ചു എങ്കിലും ജനസംഖ്യയിൽ വര്‍ധനയുണ്ടായില്ല.
2025-ൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 79.2ലക്ഷമായിരുന്നു.ഇത് മുൻവർഷത്തേക്കാൾ 17ശതമാനം കുറവാണ്. 2024-ൽ ചെറിയ വർധനവ് കാണിച്ചു എങ്കിലും ഇത് ദീർഘകാല പ്രവണതയല്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2017മുതൽ 2023വരെ തുടർച്ചയായി ഏഴ് വർഷം ജനനനിരക്ക് ഇടിഞ്ഞിരുന്നു.
ഇപ്പോൾ ചൈനയിൽ 60വയസിന് മുകളിലുള്ളവർ 32.3കോടിയാണ്.ഇത് ആകെ ജനസംഖ്യയുടെ 23ശതമാനമാണ്. ജനനനിരക്ക് ഉയർത്താൻ സർക്കാർ വിവിധ പ്രോത്സാഹനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഓരോ കുഞ്ഞിനും 3,600യുവാൻ (ഏകദേശം 500ഡോളർ)നൽകുന്ന പദ്ധതി നിലവിലുണ്ട്.
2025മുതൽ ഗർഭനിരോധന വസ്തുക്കൾക്കുള്ള നികുതി ഇളവ് ഒഴിവാക്കി.ഇത്തരം വസ്തുക്കൾക്ക് 13ശതമാനം വാറ്റ് ഏർപ്പെടുത്തി.
കുട്ടികളെ വളർത്തുന്നതിന് സഹായകരമാകുന്ന നഴ്സറികൾ,ഡേ കെയർ കേന്ദ്രങ്ങൾ,മാച്ച്‌മേക്കിംഗ് സേവനങ്ങൾ എന്നിവയെ നികുതി ഇളവ് പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
കൃഷിയും പരമ്പരാഗത നിർമ്മാണവ്യവസായങ്ങളും നിലനിൽക്കുന്ന സമൂഹങ്ങൾ ഉപഭോക്തൃ അധിഷ്ഠിതവും ഹൈടെക് വ്യവസായങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്ന ഘട്ടങ്ങളിലാണ് പൊതുവെ ഇത്തരത്തിലുള്ള ജനസംഖ്യാ മാറ്റം പ്രതിഫലിക്കുന്നത്. ജനസംഖ്യാ ഇടിവ് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്ന കാഴ്ചപ്പാടാണ് ലോകത്ത് ഇപ്പോഴുള്ളത്.










0 comments