Deshabhimani

ചിക്കാ​ഗോയിലെ ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; 19കാരൻ പിടിയിൽ

Alexandros Paporakis

അലക്സാന്ദ്രോസ് പപോരാക്കിസ്

വെബ് ഡെസ്ക്

Published on Oct 15, 2026, 08:29 AM | 1 min read

ചിക്കാ​ഗോ: അമേരിക്കയിൽ ചിക്കാഗോയ്ക്ക് സമീപമുള്ള അറോറ പ്രദേശത്തെ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട 19കാരൻ അറസ്റ്റിലായി. പലടൈൻ സ്വദേശിയായ അലക്സാന്ദ്രോസ് പപോരാക്കിസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് ഇന്ത്യൻ വംശജർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ ഒരു കടലാസ് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.


നവരാത്രി ആഘോഷങ്ങൾ തുടങ്ങാനാരിക്കെയായിരുന്നു ആക്രമണത്തിന് ശ്രമം. ഒക്ടോബർ 11ന് കൂട്ടക്കൊലപാതകത്തിന് പദ്ധതിയിടുന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. പദ്ധതി വിവരിക്കുന്ന ഒരു രേഖയുൾപ്പെടെ വിവരം നൽകിയ വ്യക്തിക്ക് യുവാവ് അയച്ചുകൊടുത്തിരുന്നതായി അന്വേഷ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.


കടുത്തവംശീയവാദിയായ പപോരാക്കിസ് ഇന്ത്യക്കാർക്കെതിരെ നിരന്തരം ആശയപ്രചാരണം നടത്തിയിരുന്നു. നാസി ആശയങ്ങളെക്കുറിച്ചും സായുധ ആക്രമണങ്ങളെക്കുറിച്ചും സഹപ്രവര്‍ത്തകരോട് പതിവായി സംസാരിക്കുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.


ഭീകരവാദ ഭീഷണി മുഴക്കിയതിനും, നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതിനും പപോരാക്കിസിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പപോരാക്കിസിനെ തടങ്കലിൽ വെക്കാൻ ജഡ്ജി ഉത്തരവിട്ടു. പ്രതിയുടെ വാദം കേൾക്കാൻ കേസ് ഒക്ടോബർ 30ലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home