ad
Deshabhimani

കേപ് വെർദെ നായകനെതിരെ ലൈംഗികാതിക്രമ കേസ്, ന്യൂസിലാൻഡ് പരമ്പരയ്ക്കിടെ പീഡിപ്പിച്ചെന്ന് ബ്രസീലിയൻ യുവതി

cv
വെബ് ഡെസ്ക്

Published on Jun 29, 2026, 05:12 PM | 2 min read

ന്യൂയോർക്ക്: കേപ് വെർദെയുടെ കന്നി ലോകകപ്പ് നേട്ടങ്ങൾക്കിടെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരേ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. കഴിഞ്ഞ മാർച്ചിൽ ന്യൂസീലൻഡിൽ ഫിഫ പരമ്പര നടക്കുമ്പോൾ ടീമിനൊപ്പം വിവർത്തകയായി ജോലിചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് പരാതി നൽകിയത്. ഓക്ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറി മെൻഡിസ് ശാരീരികമായി ഉപദ്രവിച്ചു. ഇതിന് ശേഷം കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.


നിലവിൽ മെൻഡസിനെതിരെ ഔദ്യോഗികമായി കുറ്റപത്രമൊന്നും ചുമത്തിയിട്ടില്ല. ഈ ആരോപണങ്ങൾ കോടതിയിൽ എത്തിയിട്ടില്ല. അന്വേഷണ ഘട്ടത്തിലാണ്. ബ്രസീലിയൻ മാധ്യമമായ 'ഗ്ലോബോ' (Globo)യാണ് വാര്‍ത്ത പുറത്തു വിട്ടത്.


പരാതി ഇങ്ങനെ


മെൻഡിസ് യുവതിയെ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന പേരിൽ മുറിയിലേക്ക് ക്ഷണിക്കയും ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കല്ലെന്ന് മനസ്സിലാക്കി തന്റെ മുറിയിലേക്ക് തിരികെ മടങ്ങുകയും ചെയ്തു. പിന്നാലെ മുറി തിരഞ്ഞെത്തിയ മെൻഡിസ് വാതിലിൽ മുട്ടുകയും തുറന്നപ്പോൾ ബലമായി അകത്തുകയറുകയും ചെയ്തു. തുടർന്ന് കഴുത്തിന് പിടിച്ച് ഇടിക്കുകയും കടിക്കുകയും ചെയ്തു. ഇതിന് ശേഷം ബലാത്സംഗം ചെയ്‌തു എന്നിങ്ങനെയാണ് ന്യൂസീലൻഡ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാർച്ച് 27-ന് ചിലിക്കെതിരായ മത്സരത്തിനുശേഷമായിരുന്നു സംഭവം. ആരോപണങ്ങളെക്കുറിച്ച് താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടുമില്ല.


ചെറിയ ജനസംഖ്യയുള്ള, ഫുട്ബോളിൽ വലിയ ചരിത്രമൊന്നുമില്ലാത്ത ഒരു ദ്വീപ് രാഷ്ട്രമായ കേപ് വെർദെയുടെ (The Blue Sharks) ലോകകപ്പ് മുന്നേറ്റം കായിക ലോകം ഏറെ അത്ഭുതത്തോടെയാണ് വീക്ഷിച്ചിരുന്നത്. പീഡന വാർത്ത അവരുടെ സിൻഡ്രെല്ല കുതിപ്പിന്റെ തിളക്കം കുറയ്ക്കുന്നതായി.


ചെറിയ രാജ്യം

വലിയ കുതിപ്പ്


ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ലോക ചാമ്പ്യന്മാരായ സ്‌പെയിൻ, ഉറുഗ്വേ സൗദി അറേബ്യ ഉൾപ്പെടെയുള്ള ടീമുകളെ തളച്ചാണ് കേപ് വെര്‍ദെ നോക്കൗട്ട് ഉറപ്പിച്ചത്. ഉറുഗ്വേ രണ്ടുതവണ ഗോൾ നേടിയപ്പോൾ തിരിച്ചും രണ്ടെണ്ണം മറുപടിയായ് നൽകി. ഗോൾപോസ്റ്റിന് മുന്നിൽ വൊസിന്യ എന്ന 40-കാരൻ നടത്തിയ വീരോചിതമായ പ്രകടനമാണ് ടീമിന്റെ നോക്കൗട്ട് പ്രവേശനത്തിന്റെ കാതൽ. റൗണ്ട് ഓഫ് 32-ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം. ഇതിനിടയിലാണ് ലൈംഗിക വിവാദം വാര്‍ത്തകളിൽ ഉയര്‍ന്നു വരുന്നത്.


സംഭവത്തിന് പിന്നാലെ യുവതി ന്യൂസിലൻഡ് പൊലീസിനെ സമീപിക്കുകയും ലൈംഗികാതിക്രമ പരിശോധനയ്ക്ക് (Sexual Assault Examination) വിധേയയാവുകയും ചെയ്തു. യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു. യോനിയിലുണ്ടായ മുറിവുകൾക്ക് പുറമെ മാറിടം, കഴുത്ത്, ചുണ്ടുകൾ എന്നിവിടങ്ങളിൽ ഒന്നിലധികം ചതവുകളും പരിക്കുകളും പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ വിവരങ്ങൾ പോലീസിനും മാധ്യമങ്ങൾക്കും കൈമാറിയതായും റിപ്പോര്‍ട് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ കേസിൽ ന്യൂസിലൻഡ് പൊലീസ് അതീവ രഹസ്യമായി അന്വേഷണം നടത്തിവരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


സാവകാശം തേടി

പൊലീസും ഫിഫയും


ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഈ ഫലം ലഭിച്ച ശേഷമായിരിക്കും മെൻഡസിനെതിരെ കുറ്റപത്രം സമർപ്പിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.


നിലവിലെ സാഹചര്യത്തിൽ ഫിഫയോ കേപ് വെർദെ ഫുട്ബോൾ ഫെഡറേഷനോ മെൻഡസിനെതിരെ യാതൊരുവിധ അച്ചടക്ക നടപടികളും പ്രഖ്യാപിച്ചിട്ടില്ല. വിവരങ്ങൾക്ക് ന്യൂസീലൻഡ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.


അർജന്റീന - കേപ് വെർദെ മത്സരം


ലോകകപ്പിലെ കേപ് വെർദെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടം ജൂലൈ 4-നാണ് നടക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 3:30-നാണ് അർജന്റീനയ്‌ക്കെതിരായ ഈ നിർണായക മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മെൻഡസ് കളിക്കുമെന്നതിൽ ഇതുവരെ തടസങ്ങൾ ഒന്നുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home