ad
Deshabhimani

"പുലർച്ചെ ഒരു മണിക്കും അവർ ഫോൺ എടുക്കും"; എന്തുകൊണ്ട് ഇന്ത്യക്കാരെ ജോലിക്ക് എടുക്കുന്നുവെന്ന് വിവരിച്ച് ബുർജ് ഖലീഫയുടെ നിർമാതാവ്

Mohamed Alabbar

മുഹമ്മദ് അലബ്ബാർ

വെബ് ഡെസ്ക്

Published on May 06, 2026, 07:21 PM | 1 min read

അബുദാബി: ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ പ്രശംസിച്ച് ബുർജ് ഖലീഫയുടെ നിർമാതാക്കളും ഇമാർ പ്രോപ്പർട്ടീസിന്റെ സ്ഥാപകനുമായ മുഹമ്മദ് അലബ്ബാർ. ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽ സംസ്കാരം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്' ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു പ്രതികരണം.


ഇന്ത്യൻ തൊഴിലാളികളുടെ സ്ഥിരതയും അർപ്പണബോധവും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയുമാണ് താൻ അവരെ തിരഞ്ഞെടുക്കാൻ കാരണമെന്ന് അലബ്ബാർ പറഞ്ഞു. അസമയങ്ങളിലും ഇന്ത്യൻ ജീവനക്കാർ ലഭ്യമാണെന്നത് ജോലിയോടുള്ള അവരുടെ ഉത്തരവാദിത്തബോധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


"കഠിനാധ്വാനം എന്നത് ദീർഘനേരം ജോലി ചെയ്യുന്നതിലുപരി, അവസരങ്ങളെ കൃത്യമായി വിലയിരുത്തുന്നതിലും കണക്കുകൂട്ടിയുള്ള റിസ്ക്കുകൾ എടുക്കുന്നതിലുമാണ്. എന്റെ കാഴ്ചപ്പാടിൽ എന്റെ ഐക്യു ശരാശരി മാത്രമാണ്, എന്നാൽ എന്റെ കഠിനാധ്വാനം ഏറ്റവും മികച്ചതാണ്. നിങ്ങൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രത്തോളം നിങ്ങൾ ഭാഗ്യവാനായിത്തീരും. കഠിനാധ്വാനം ചെയ്യാത്ത പ്രതിഭയെ കഠിനാധ്വാനിയായ ഒരാൾ മറികടക്കും എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടാണ് ഞാൻ ഇന്ത്യക്കാരെ ജോലിക്ക് എടുക്കാൻ ഇഷ്ടപ്പെടുന്നത്, കാരണം പുലർച്ചെ ഒരു മണിക്കും അവർ ഫോൺ എടുക്കും,"- അദ്ദേഹം പറഞ്ഞു.


അനിശ്ചിതത്വങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കമ്പനികൾ ജാഗ്രത പാലിക്കണമെന്നും റിസ്ക്കുകൾ നിരന്തരം വിലയിരുത്തണമെന്നും ടീമുകളെ കൃത്യമായി നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 2008-ലെ സാമ്പത്തിക പ്രതിസന്ധി, കോവിഡ് മഹാമാരി എന്നിവയെ പരാമർശിച്ചുകൊണ്ട്, വെല്ലുവിളികൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബിസിനസ്സുകൾ പ്രതിരോധശേഷി വളർത്തിയെടുക്കണമെന്ന് അലബ്ബാർ പറഞ്ഞു.


ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ നിർമാണത്തിലൂടെ ശ്രദ്ധേയനായ മുഹമ്മദ് അലബ്ബാർ ആഗോളതലത്തിൽ അറിയപ്പെടുന്ന സംരംഭകനാണ്. പഴയ ദുബായിലെ സർക്കാർ ഭവനങ്ങളിൽ വളർന്ന അദ്ദേഹം ഇന്ന് റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഇ-കൊമേഴ്‌സ് മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന കോടികളുടെ സാമ്രാജ്യത്തിന്റെ അധിപനാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home