ഇയുവുമായി കൈകോർത്ത് ബ്രിട്ടൻ

ലണ്ടൻ
വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ട് ബ്രിട്ടനും യൂറോപ്യൻ യൂണിയനും. ബ്രെക്സിറ്റിനുശേഷം ഇതാദ്യമായാണ് ബ്രിട്ടനും യൂറോപ്യൻ യൂണിയനും വ്യാപാര, പ്രതിരോധ കരാറുകളിൽ ഏർപ്പെടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ മുൻകൈയെടുത്ത് ലണ്ടനിൽ ഇയു നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ.
പ്രതിരോധ സഹകരണം, മത്സ്യബന്ധനം, ഭക്ഷ്യോത്പന്നങ്ങളുടെ കൈമാറ്റം, യുവജനക്ഷേമം തുടങ്ങിയ മേഖലകളിലാണ് പരസ്‌പര സഹകരണത്തിന് ധാരണയായത്.
കരാർ പ്രകാരം 2038 വരെ യൂറോപ്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ അനുമതി നൽകും. പകരം ബ്രിട്ടീഷ് നിർമിത ഭക്ഷ്യോത്‌പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിലേക്കുള്ള കയറ്റുമതിക്ക് ഇളവുകൾ ലഭിക്കും. ബ്രിട്ടൻ യൂറോപ്പിലേക്ക് കയറ്റിയയക്കുന്ന ബർഗറുകൾ, സോസേജുകൾ തുടങ്ങിവയ്ക്ക് പരിമിത നിയന്ത്രണങ്ങളേ ഉണ്ടാകൂ. യൂറോപ്യൻ ഭക്ഷ്യോത്‌പന്നങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിലേക്കുള്ള പ്രവേശനവും എളുപ്പമാക്കും.
യൂറോപ്യൻ യൂണിയന്റെ പ്രതിരോധ–-സുരക്ഷാ പദ്ധതിയുടെ ഭാഗമാകാൻ ബ്രിട്ടന് വീണ്ടും അനുമതി നൽകും. യുകെയിൽനിന്നുള്ള യാത്രക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തി കടക്കുന്നതിനായുള്ള നടപടിക്രം ലഘൂകരിക്കും. യൂത്ത് വിസ സ്കീം പുനഃസ്ഥാപിക്കാനും ധാരണായി. ബ്രിട്ടൻ ലോകത്തിന് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും പുതുയുഗത്തിന്റെ തുടക്കമാണ് ചർച്ചയെന്നും പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. ആറു മാസത്തിനകം കൂടുതൽ വിഷയങ്ങളിൽ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.









0 comments