ad
Deshabhimani

ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; രണ്ട് പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി

volcano eruption indonesia
വെബ് ഡെസ്ക്

Published on May 10, 2026, 06:12 PM | 2 min read

ജക്കാർത്ത : ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലെ മൗണ്ട് ഡുകോണോയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ കുടുങ്ങിയ രണ്ട് പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി. സിം​ഗപ്പൂർ സ്വദേശികളായ സഞ്ചാരികളാണ് മരിച്ചത്. അപകടത്തിൽ കാണാതായ ഇന്തോനേഷ്യൻ വനിതാ ഹൈക്കറുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയാണ് 30 ഉം 27 ഉം വയസ്സുള്ള പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. പ്രധാന ഗർത്തത്തിന്റെ അരികിൽ ഏകദേശം 50 മീറ്റർ അകലെയായിരുന്നു മൂന്ന് പേരുടെയും മൃതദേഹം.


അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ പുറത്തുവന്ന വസ്തുക്കളുടെ പാളികളാൽ മൂടപ്പെട്ട നിലയിലായിരുന്നു സഞ്ചാരികളുടെ മൃതദേഹങ്ങൾ. സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് 1,355 മീറ്റർ (4,445 അടി) ഉയരമുള്ള അഗ്നിപർവതത്തിൽ കയറിയ 20 പേരുടെ സംഘത്തിലുണ്ടായിരുന്നതാണ് മരിച്ചവർ. വെള്ളിയാഴ്ച പുലർച്ചെയാണ് ഡുകോണോ പൊട്ടിത്തെറിച്ച് 10 കിലോമീറ്റർ ഉയരത്തിൽ ചാരം പ്രദേശത്ത് വ്യാപിച്ചത്.


പൊട്ടിത്തെറിച്ച് മണിക്കൂറുകൾക്ക് ശേഷം ഏഴ് സിംഗപ്പൂർ പൗരന്മാർ ഉൾപ്പെടെ പതിനേഴു പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഒഴിപ്പിച്ചവരിൽ പത്ത് പേർക്ക് നിസ്സാര പൊള്ളലേറ്റിരുന്നു. സംഘത്തിലെ രണ്ട് പേർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുകയും കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നതിന് വിവരങ്ങൾ നൽകുകയും ചെയ്തു. പിന്നാലെ പ്രാദേശിക ഹൈക്കർ ആയ എൻജെലിന്റെ മൃതദേഹം കണ്ടെത്തി. 2008 മുതൽ മൗണ്ട് ഡുകോണോ സജീവമാണ്. 2024 ഡിസംബറിൽ സജീവമായ ഗർത്തത്തിന് ചുറ്റും നാല് കിലോമീറ്റർ (2.5 മൈൽ) ഒഴിവാക്കൽ മേഖലയായി അധികൃതർ പ്രഖ്യാപിച്ചിരുന്നു.


ഏപ്രിലിൽ മൗണ്ട് ഡുക്കോണോയിലേക്കുള്ള എല്ലാ ഹൈക്കിംഗ് റൂട്ടുകളും പ്രാദേശിക അധികാരികൾ ഔദ്യോഗികമായി അടച്ചുപൂട്ടിയിരുന്നു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നിരോധനം ശക്തിപ്പെടുത്തുകയും ചെയ്തു. നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി. പർവതാരോഹകരും ടൂർ ഓപ്പറേറ്റർമാരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഏജൻസി അഭ്യർഥിച്ചു. നിലവിൽ ഉയർന്ന ജാഗ്രതാ നിലയിലുള്ള രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് മറ്റ് സജീവ അഗ്നിപർവതങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.


270 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപസമൂഹ രാഷ്ട്രമായ ഇന്തോനേഷ്യ പസഫിക് "റിംഗ് ഓഫ് ഫയറി" ന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്. ഡുക്കോണോ കൂടാതെ 120 ലധികം സജീവ അഗ്നിപർവതങ്ങളും ഇവിടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home