കോംഗോയിൽ ബോട്ട് മറിഞ്ഞ് അപകടം; 41 മരണം

കിൻഷാസ: കോംഗോയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 41 പേർ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ടാൻഗനിക്ക തടാകത്തിലാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട 49 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നൂറോളം യാത്രക്കാരും ചരക്കുകളുമാണ് ബോട്ടിലുണ്ടായിരുന്നത്.
മാപെറ ഗ്രാമത്തിന് സമീപമാണ് സംഭവം. താൻസാനിയയിലെ കിഗോമ തുറമുഖത്തുനിന്ന് ഡിആർസിയിലെ കാലെമി നഗരത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് വ്യാഴാഴ്ച അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിതമായി ആളുകളെ കയറ്റുന്നതും ലൈഫ് ജാക്കറ്റുകളുടെ അഭാവവും കാരണം കോംഗോയിൽ ഇത്തരം ദുരന്തങ്ങൾ പതിവാണ്.
കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് താൻഗനിക്ക പ്രവിശ്യാ ഗതാഗത മന്ത്രി നോറിസ് മുലോംഗോയി അറിയിച്ചു. ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞുപോകുന്നതായി തോന്നിയെന്നും പെട്ടെന്ന് ബോട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നുവെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആനി മൊയോനി എന്ന യാത്രക്കാരി വെളിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ റൂട്ടിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റ് 28ന് കിഗോമ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ എംവി പാസിഫിക് എന്ന ബോട്ടിന് തീപിടിച്ച് 6 ജീവനക്കാർ മരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലും ബോട്ട് മുങ്ങി 20 വിദ്യാർഥികൾ മരിച്ചിരുന്നു.









0 comments