മൂന്ന് ദിവസമായി കാണാനില്ല; ക്ഷേത്ര പരിചാരകനെ മരിച്ച നിലയിൽ കണ്ടെത്തി

ധാക്ക: ബംഗ്ലാദേശിൽ കാണാതായ ക്ഷേത്ര പരിചാരകനെ കുന്നിൻ പ്രദേശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സത്കാനിയ സ്വദേശിയും ഖുരുഷ്ഖുൽ നാഗ് പഞ്ചമി ക്ഷേത്രത്തിലെ ജീവനക്കാരനുമായ നയൻ ദാസിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു സംഘം അജ്ഞാതർ നയൻ ദാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയോടെയാണ് ക്ഷേത്രത്തിന്നടുത്തുള്ള വിജനമായ കുന്നിൻ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സ്കാർഫ് ചുറ്റി മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
നയൻ ദാസിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സഹപ്രവർത്തകർ ആരോപിച്ചു. ഇദ്ദേഹത്തിന്റെ കഴുത്തിൽ മുറിവുകളുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോക്‌സ് ബസാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.









0 comments