ad
Deshabhimani

print edition വിധിയെഴുതാന്‍ ബംഗ്ലാദേശ്‌ ജനത

Bangladesh National Elections

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ധാക്കയിൽ നടത്തിയ റാലി

വെബ് ഡെസ്ക്

Published on Feb 09, 2026, 02:58 AM | 1 min read


ധാക്ക

വിദ്യാർഥി പ്രക്ഷോഭത്തിനും ഷെയ്‌ഖ്‌ ഹസീന സര്‍ക്കാരിന്റെ പതനത്തിനും മാസങ്ങള്‍ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്കും ശേഷം ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിലേക്ക്. മുന്നൂറംഗ പാർലമെന്റിലേക്ക്‌ ഫെബ്രുവരി 12ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒന്നരക്കോടി പ്രവാസികൾ ഉൾപ്പെടെ 12.7 കോടി പേർ വോട്ടവകാശം വിനിയോഗിക്കും.


മുഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്നഘട്ടത്തിലാണ് തെര‍ഞ്ഞെടുപ്പ്. ഷെയ്‌ഖ്‌ ഹസീനയുടെ അഭാവത്തില്‍ അവാമി ലീഗിനെതിരെ രാജ്യത്ത് തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളും രാജ്യത്തെ ക്രമസമാധാന നിലയും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഷെയ്‌ഖ്‌ ഹസീനയുടെ പാര്‍ടിയെ ഇടക്കാല സര്‍ക്കാര്‍ പിരിച്ചുവിട്ടതിനാല്‍ അവാമി ലീഗ് ഇക്കുറി മത്സരരംഗത്തില്ല. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി, ജമാഅത്തെ ഇസ്‌ലാമി, നാഷണൽ സിറ്റിസൺ പാർടി എന്നിവയാണ് മുഖ്യമായും മത്സരരംഗത്തുള്ളത്.


സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‌ മുൻകൈയെടുത്ത ഷെരീഫ്‌ ബിൻ ഹാദിയുടെ കൊലപാതകം ബംഗ്ലാദേശിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന ഹാദിയെ അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച ആയിരക്കണക്കിന്‌ ഇൻക്വിലാബ്‌ മോർച്ച പ്രവർത്തകർ മുഹമ്മദ്‌ യൂനസിന്റെ ഒ‍ൗദ്യോഗിക വസതിയായ ജമുനയിലേക്ക്‌ ഇരച്ചുകയറി. യുവജനങ്ങള്‍ക്കിടിയിലെ അസ്വസ്ഥത വർഗീയ രാഷ്‌ട്രീയത്തിനായി ബംഗ്ലാദേശ്‌ ജമാഅത്തെ ഇസ്ലാമി മുതലെടുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.


വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ രൂപീകരിച്ച എന്‍സിപി ജമാഅത്തെ സഖ്യത്തിനൊപ്പമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ താരിഖ് റഹ്‌മാൻ നയിക്കുന്ന ബിഎൻപി സഖ്യവും, ഷഫീഖുർ റഹ്‌മാൻ നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. മത്സരരംഗത്തില്ലെങ്കിലും ഷെയ്ഖ് ഹസീന എന്ന ഘടകം വോട്ടർമാരെ സ്വാധീനിക്കുന്ന ഒന്നായി ഇപ്പോഴും തുടരുന്നു. അവാമി ലീഗിനെ പിന്തുണച്ച വോട്ടർമാർ ഇപ്പോഴും ഹസീനയോടുള്ള കൂറ് ഉപേക്ഷിച്ചിട്ടില്ല.


ഹസീനയുടെ ഭരണകാലത്ത് യുദ്ധക്കുറ്റങ്ങൾക്ക് ജമാഅത്തെയുടെ പ്രമുഖ നേതാക്കളെ വധശിക്ഷയ്‌ക്കും തടവുശിക്ഷയ്‌ക്കും വിധിച്ചിരുന്നു. 2013-ൽ പാർടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി. ഹസീന പുറത്താക്കപ്പെട്ടശേഷം 2025 ജൂണിൽ സുപ്രീം കോടതി രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചതോടെയാണ് ജമാഅത്തെ ഇസ്‌ലാമി വീണ്ടും സജീവമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home